തടവുപുള്ളി സെല്ലിൽ പോലീസിനെ പേടിച്ച് മൊബെെൽ വിഴുങ്ങി ; എൻഡോസ്‌കോപ്പി വഴി പുറത്തെടുത്തു

ന്യൂഡെൽഹി : പോലീസിനെ ഭയന്ന് മൊബൈൽ ഫോൺ വിഴുങ്ങി തടവുപുള്ളി. ഡെൽഹിയിലെ തീഹാർ ജയിലിൽ ആണ് സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് ശേഷം എൻഡോസ്‌കോപ്പിവഴി ഈ മൊബൈൽ ഫോൺ ഡോക്ടർമാർ പുറത്തെടുത്തു.

ജയിലിനുള്ളിൽ ചില തടവുകാർ മൊബൈൽ ഉപയോഗിക്കുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ തടവുപുള്ളി മൊബൈൽ വിഴുങ്ങുകയായിരുന്നു.

ഇയാളുടെ സെല്ല് പരിശോധിച്ച പോലീസിന് മൊബൈൽ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇയാളെ എക്‌സ് റേ പരിശോധനയ്‌ക്ക് വിധേയനാക്കിയതോടെയാണ് മൊബൈൽ വിഴുങ്ങിയതായി വ്യക്തമായത്. തുടർന്ന് പോലീസുകാർ തടവുപുള്ളിയെ ജിബി പന്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.