ദയാഹര്‍ജിയില്‍ തീരുമാനം വൈകി; ഒമ്പത് കുഞ്ഞുങ്ങളെ കൊന്ന സഹോദരിമാരുടെ വധശിക്ഷ ജീവപര്യന്തമാക്കി ഹൈക്കോടതി

മുംബൈ: ദയാഹര്‍ജിയില്‍ തീരുമാനം വൈകിയതിന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കിക്കുറച്ച് ബോംബെ ഹൈക്കോടതി. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ നടപടി. കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ പ്രതികളായ രേണുക, സീമ എന്നിവര്‍ക്കാണ് കോടതി ശിക്ഷ ഇളവ് നല്‍കിയത്.

അകാരണമായ കാലതാമസം ഭരണഘടനാവിരുധമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. 13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അതില്‍ 9 പേരെ കൊല്ലുകയും ചെയ്ത കേസിലാണ് 1996ൽ അര്‍ധ സഹോദരിമാരായ രേണുകയും സീമയും പൊലീസ് പിടിയിലാകുന്നത്.

കുഞ്ഞുങ്ങളെക്കൊണ്ട് പോക്കറ്റടി നടത്തുകയും എതിര്‍ക്കുന്നവരെ കൊല്ലുകയുമായിരുന്നു രീതി. വിവരിക്കാനാവാത്ത വിധം അതിക്രൂരമായായിരുന്നു ഓരോ കൊലപാതകവും. സെഷന്‍സ് കോടതി വധശിക്ഷയ്ക്ക് വിധിച്ചതോടെ സുപ്രീംകോടതി വരെ പോയി. 2006ല്‍ പരമോന്നത കോടതിയും വധശിക്ഷ ശരിവച്ചു.

ഇതോടെയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. എട്ട് വര്‍ഷമായിട്ടും തീരുമാനമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതേ വര്‍ഷം അതായത് 2014ല്‍ തന്നെയാണ് ദയാഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതില്‍ കാലതാമസം വരുത്തിയത് ചൂണ്ടിക്കാട്ടി രാജീവ്ഗാന്ധി വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് കിട്ടിയത്.

ദയാഹര്‍ജിയിലെ അകാരണമായ കാലതാമസം ഭരണഘടനാ വിരുധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികളുടെ ക്രൂരതയ്ക്ക് ഇരയായവരോട് ചെയ്യുന്ന അനീതി കൂടിയാണിത്. സാങ്കേതിക വിദ്യയുടെ മുന്നേറ്റം കാരണം ആശയവിനിമയം ഇത്രയും വേഗത്തില്‍ നടക്കുന്ന കാലത്ത് ദയാഹര്‍ജിയില്‍ തീരുമാനം അനന്തമായി വൈകിയത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതി വിധികളും ഇക്കാര്യത്തില്‍ മുന്നിലുണ്ട്. അതേസമയം 25വര്‍ഷമായി ജയിലിലാണെന്നും വിട്ടയക്കണമെന്നുമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളി.