മധുരയിൽ ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം

ചെന്നൈ: മധുര ആവണിയാപുരം ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ കാഴ്ചക്കാരനു ദാരുണാന്ത്യം. ജല്ലിക്കെട്ടിനിടെ ‍നെഞ്ചിൽ കാളയുടെ കുത്തേറ്റ ബാലമുരുകൻ (18) ആണു മരിച്ചത്. കാഴ്ചക്കാരനായെത്തിയ ബാലമുരുകൻ തിരക്കിനിടയിൽ മത്സരം നടക്കുന്നതിനിടയിലേക്കു വീണു. ഇതോടെയാണു പാഞ്ഞുവന്ന കാള കുത്തിയത്. കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ ബാലമുരുകനെ മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

ഏറ്റവും കൂടുതൽ കാളകളും മത്സരാർഥികളും പങ്കെടുക്കുന്ന മധുരയിലെ ജല്ലിക്കെട്ടിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കാളയ്ക്ക് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പേരിലുള്ള കാറും മികച്ച ജല്ലിക്കെട്ട് വീരന് ചെപ്പോക്ക് എംഎൽഎയും സ്റ്റാലിന്റെ മകനുമായ ഉദയനിധിയുടെ പേരിലുള്ള ബൈക്കുമായിരുന്നു സമ്മാനം. 7 റൗണ്ടുകളിലായി അറുന്നൂറോളം കാളകൾ മത്സരത്തിനിറങ്ങി.

കൊറോണ പടരുന്ന പശ്ചാത്തലത്തിലും കർശന നിബന്ധനകളോടെ തമിഴ്‌നാട് സർക്കാർ ജെല്ലിക്കെട്ടിന് അനുമതി നൽകി. ജനുവരിയിൽ പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായാണ് പരമ്പരാഗതമായി ജെല്ലിക്കെട്ട് നടക്കുന്നത്. കാളയുടെ ഉടമക്കും ഒരു സഹായിക്കും മാത്രമാണ് റിംഗിൽ ഇറങ്ങാൻ അനുമതി.

ഇവർ രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ രേഖയും 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. പങ്കെടുക്കുന്നവർക്ക് ജില്ലാ ഭരണകൂടംപ്രത്യേക ഐഡി കാർഡും നൽകും. പരമാവധി 300 പേർക്ക് മാത്രം പങ്കെടുക്കാൻ അനുമതി. കാർഡില്ലാത്തവരെ റിംഗിൽ പ്രവേശിപ്പിക്കില്ല. നാല് ദിവസം കൊണ്ടാടുന്ന പൊങ്കൽ ഉത്സവത്തിലെ മാട്ടുപൊങ്കൽ നാളിലാണ് ജെല്ലിക്കെട്ട് അരങ്ങേറുന്നത്.

മധുരയ്ക്കു സമീപമുള്ള അലങ്കാനല്ലൂരാണ് ജെല്ലിക്കെട്ടിന് ഏറ്റവും പ്രശസ്തിയാർജിച്ച സ്ഥലം. പ്രത്യേക പരിശീലനം ലഭിച്ച കാളകളെയാണ് ജെല്ലിക്കെട്ടിനുപയോഗിക്കുന്നത്. ഈ കാളകളോടാണ് മനുഷ്യർ പോരാടേണ്ടത്. പലപ്പോഴും ജെല്ലിക്കെട്ടിൽ പങ്കെടുക്കുന്നവർക്ക് മാരകമായ പരിക്കുകളോ ജീവഹാനിയോ സംഭവിക്കാറുണ്ട്.

അതെ സമയം കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിനു മുന്നോടിയായി നടത്തുന്ന പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി. അൻപതോളം പേർക്ക് പരിക്ക്. തിരുവണ്ണാമലയിൽ കണ്ണമംഗലം ഭാഗത്താണ് പരിശീലനം നടത്തിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈ, വെല്ലൂർ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്നായി 500 ലേറെ കാളകളും ആയിരത്തിലേറെ ആളുകളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ടിനിടെ സ്‌ത്രീയും കുട്ടിയും സഞ്ചരിച്ചിരുന്ന ബൈക്കിനു നേരെയാണ് കാള ഇടിച്ച് കയറിയത്. അനധികൃതമായി നടത്തിയ ജെല്ലിക്കെട്ട് പരിശീലനത്തിനിടെയാണ് കാള ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചത്. വീഡിയോ തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയിൽ നിന്ന് ആണ് പുറത്തുവന്നത്. കാള ആൾക്കൂട്ടത്തിനിടയിൽ ഓടിപ്പോകുന്നതും തുടർന്ന് വാഹനത്തെ ഇടിക്കുന്നതും വീഡിയോയിൽ കാണാം.

തിരുവണ്ണാമലി ജില്ലയിൽ ജെല്ലിക്കെട്ട് പരിപാടികൾ നടത്താൻ അധികൃതർ അനുമതി നൽകിയിട്ടില്ലെങ്കിലും ആരണിയിൽ നിന്നുള്ള സംഘാടകർ 500 ഓളം കാളകളെ കൊണ്ടുവരുകയും 1000-ലധികം കാളകളെ മെരുക്കാൻ അനുവദിക്കുകയും ചെയ്തു.

സമീപത്തെ വെല്ലൂർ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നിവിടങ്ങളിൽ നിന്നുള്ള വലിയ ജനക്കൂട്ടം കോവിഡ് -19 നിയമങ്ങൾ ലംഘിച്ച് പരിപാടിയിൽ പങ്കെടുത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ അനുമതിയില്ലാതെ ജെല്ലിക്കെട്ട് പരിശീലനം നടത്തിയതിന് പരിപാടി പോലീസ് ഇടപെട്ട് നിർത്തിവെച്ചു. സംഘാടകർക്കെതിരെ കണ്ണമംഗലം പോലീസ് കേസെടുത്തു.