തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാനായി ആലപ്പുഴ തുറവൂർ സ്വദേശി എസ്. സോമനാഥ് നിയമിതനായി. ചാന്ദ്രയാൻ രണ്ട് ദൗത്യത്തിൽ പ്രഥമ വിക്ഷേപണത്തിൽ നിർണ്ണായക പങ്കാണ് അദ്ദേഹം വഹിച്ചത്.വിക്ഷേപണ വാഹനങ്ങളുടെ രൂപകൽപ്പനയിൽ മികവ് തെളിയിച്ച മിടുക്കനാണ് ഇദ്ദേഹം. എംജികെ മേനോൻ , കസ്തൂരി രംഗൻ , മാധവൻ നായർ, രാധാകൃഷ്ണൻ എന്നിവർക്ക് പിന്നാലെയാണ് മറ്റൊരു മലയാളി ഐഎസ്ആർഒയുടെ തലപ്പത്ത് എത്തുന്നത് .
രാജ്യത്തെ അറിയപ്പെടുന്ന ഏറോ സ്പേസ് എഞ്ചിനീയർ, റോക്കറ്റ് ടെക്നോളജിസ്റ്റ്. സ്ട്രക്ച്ചറൽ ഡിസൈൻ, സ്ട്രക്ച്ചറൽ ഡൈനമിക്സ്, ഇന്ധന സാങ്കേതിക വിദ്യ തുടങ്ങി ലോഞ്ച് വെഹിക്കിൾ സിസ്റ്റത്തിൻ്റെ സമഗ്ര മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയാണ് സോമനാഥ്. ജിഎസ്എൽവി മാർക്ക് 3ൻ്റ കോൺഫിഗറേഷൻ സോമനാഥിൻ്റെ കാര്യശേഷിക്ക് ഉദാഹരമാണ് .
മഹാരാജാസിൽ പ്രി-ഡിഗ്രി കഴിഞ്ഞ് കൊല്ലം ടികെഎംഎമ്മിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബി – ടെക്. ബംഗലുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് ഏറോ സ്പേസ് എഞ്ചിനീയറിങ്ങിൽ സ്വർണ്ണപ്പതക്കത്തോടെ മാസ്റ്റേഴ്സ്. പിന്നെ വി എസ് എസ് സി യിൽ എത്തി. പടിപടിയായി വളർന്ന് വി എസ് എസ് സി ഡയക്ടർ വരെ എത്തി. ഒടുവിൽ ഐഎസ്ആർഒയുടെ തലപ്പത്ത്.