തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗൺ

ചെന്നൈ: കൊറോണ കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗൺ. കൊറോണ കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം ഞായറാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. പൊതു ഗതാഗത സംവിധാനങ്ങളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമടക്കം പ്രവര്‍ത്തിക്കില്ല.

ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെവാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനിടെ സംസ്ഥാനത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം പതിനായിരം കടന്നു. 24 മണിക്കൂറില്‍ 10978 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 5098 പേര്‍ക്ക് രോഗം കണ്ടെത്തി. 74 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം195 ആയി.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് വരാന്ത്യലോക്ഡൗണ് പ്രഖ്യാപിച്ചതിനാല്‍ വാളയാര്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി. അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുക. അല്ലാത്ത വാഹനങ്ങള്‍ തിരച്ചയക്കുമെന്നും കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം വ്യക്തമാക്കി. പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക് ബസ് സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സിയും അറിയിച്ചു.