പട്ന സ്വദേശി11 ഡോസ് കൊറോണ വാക്സീൻ എടുക്കാനിടയായതിനക്കുറിച്ച് അന്വേഷണം

ന്യൂഡെൽഹി: പട്ന സ്വദേശിക്ക് 11 ഡോസ് കൊറോണ വാക്സീൻ എടുക്കാനിടയായതിനെക്കുറിച്ച് അന്വേഷണം തുടങ്ങി. കോവിൻ പോർട്ടലിലെ വിവരം അനുസരിച്ച് ബ്രഹ്മദേവ് മണ്ഡൽ (85) എന്ന ഒരാൾ മാത്രമേ വാക്സീൻ സ്വീകരിച്ചിട്ടുള്ളുവെന്നു പറഞ്ഞ ദേശീയ ആരോഗ്യ മിഷൻ (എൻഎച്ച്എം) ഡയറക്ടർ വികാസ് ഷീൽ ഒരേ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പല അക്കൗണ്ടുകൾ ഉണ്ടാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ബ്രഹ്മദേവ് മണ്ഡൽ ആധാറാണ് തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചത്. 12–ാം ഡോസ് സ്വീകരിക്കാൻ ചെന്നപ്പോഴാണ് അധികാരികളുടെ ശ്രദ്ധയിൽ പെട്ടത്.

എട്ടു തവണ സ്വന്തം ഫോൺ നമ്പറും ആധാറും ഉപയോഗിച്ചാണ് വാക്സീൻ സ്വീകരിച്ചതെന്നും ബാക്കി എടുത്തത് വോട്ടർ ഐഡി കാർഡും ഭാര്യയുടെ മൊബൈൽ നമ്പറും ഉപയോഗിച്ചാണെന്നുമാണ് ബ്രഹ്മദേവ് പറയുന്നത്. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വാക്സീൻ സ്വീകരിക്കുമ്പോഴുള്ള വിവരങ്ങൾ ഓഫ്‍‍ ലൈനായി ചില കേന്ദ്രങ്ങൾ റജിസ്റ്ററിൽ സൂക്ഷിക്കാറുണ്ട്. ഇവ വൈകിയാണ് ഓൺലൈനായി അപ്ഡേറ്റ് ചെയ്യാറുള്ളത്. ഇതിൽ വന്ന പിഴവാണോ കാരണമെന്നും പരിശോധിക്കുന്നു.

വ്യത്യസ്ത തിരിച്ചറിയൽ രേഖകളും ഫോൺ നമ്പറുകളും ഉപയോഗിച്ച് കോവിൻ പോർട്ടലിൽ ഒരേ പേരിൽ‌ 2 പ്രൊഫൈൽ ഉണ്ടാക്കി വാക്സീൻ സ്വീകരിച്ച സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിരുന്നു. ആധാർ ഉപയോഗിച്ച് ആദ്യ പ്രൊഫൈലിൽ 2 ഡോസ് വാക്സീൻ എടുത്തയാൾ സ്വന്തം പേരിൽ‌ മറ്റൊരു ഫോൺ നമ്പറും മറ്റൊരു തിരിച്ചറിയൽ രേഖയും നൽകി മൂന്നാം ഡോസ് എടുക്കുന്നുവെന്നായിരുന്നു റിപ്പോർട്ട്. ഇരട്ടിപ്പു തടയാൻ സോഫ്റ്റ്‍വെയറിനു കഴിയില്ലെന്നു കോവിൻ പോർട്ടലിന്റെ ചുമതലക്കാർ പറഞ്ഞു.