പ്രധാനമന്ത്രി ആക്രമിക്കപ്പെട്ടാൽ ആദ്യ വെടിയുണ്ട താനായിരിക്കും ഏറ്റുവാങ്ങുക; പ്രധാനമന്ത്രിയോട് തനിക്ക് ബഹുമാനമുണ്ട്: പഞ്ചാബ് മുഖ്യമന്ത്രി

ഛണ്ഡീഗഢ്: പഞ്ചാബിൽ തന്നെ മറികടന്ന് മാത്രമേ പ്രധാനമന്ത്രി നരേന്ദ്ര മേദിക്ക് നേരെ ആക്രമണം ഉണ്ടാകൂ എന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. പ്രധാനമന്ത്രിക്ക് നേരെ ആക്രമണമുണ്ടായാൽ ആദ്യ വെടിയുണ്ട ഏറ്റുവാങ്ങുന്നത് താനായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് ബഹുമാനമുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രി ആണ്. പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണി ഉണ്ടായിരുന്നില്ല. പഞ്ചാബിനെ മോശം ആക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

സുരക്ഷ വീഴ്ച സംബന്ധിച്ച വിവാദത്തിനിടെ ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണപരിപാടികള്‍ക്കായി പഞ്ചാബില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെയാണ് പ്രതിഷേധമുണ്ടായത്.

ഹുസൈന്‍വാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതിഷേധമുണ്ടായത്. ഇതോടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം 20 മിനിറ്റ് വരെ ഒരു ഫ്‌ലൈ ഓവറില്‍ കുടുങ്ങുകയായിരുന്നു.

സുരക്ഷ വീഴ്ച സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണെന്ന് പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സമതിയെ സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്നും പ‍ഞ്ചാബ് സർക്കാർ കോടതിയെ അറിയിച്ചു.