ഫ്ലൈറ്റ് മിസ്സായെന്ന വ്യാജേന എയർപോർട്ടിൽ 100ലധികം ആളുകളെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

ന്യൂഡെൽഹി: ഫ്ലൈറ്റ് മിസ്സായെന്ന വ്യാജേന എയർപോർട്ടിൽ 100ലധികം ആളുകളെ കബളിപ്പിച്ച് പണം തട്ടിയയാൾ പിടിയിൽ. ഡെൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവ് യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടിയത്. കഴിഞ്ഞ നാലഞ്ച് വർഷത്തിനിടയിൽ 100ലധികം യാത്രക്കാരെ ഇയാൾ കബളിപ്പിച്ചിട്ടുണ്ട്. തന്റെ വിമാനം മിസ്സായെന്നും താൻ ഒരു വിദ്യാർത്ഥിയാണെന്നുമാണ് ഇയാൾ ഇരകളെ വിശ്വസിപ്പിച്ചത്.

മോഡേല വെങ്കിട്ട ദിനേശ് കുമാർ എന്ന ഇയാൾ പ്രശസ്ത സർവകലാശാലയിലെ വിദ്യാർത്ഥിയാണെന്നും ഫ്ലൈറ്റ് മിസ്സായതിനാൽ യാത്രയ്ക്കായി പണം ആവശ്യമാണെന്ന തരത്തിലുമാണ് ആളുകളെ പറ്റിച്ചിരുന്നതെന്ന് ഇന്ത്യ.കോം റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ മൗലാന ആസാദ് മെഡിക്കൽ കോളേജിലെ പിജി മെൻസ് ഹോസ്റ്റലിൽ താമസിക്കുന്ന മറ്റൊരാൾ പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

2021 ഡിസംബർ 19 ന് ബറോഡയിൽ നിന്ന് ഡൽഹി ഐജിഐ എയർപോർട്ടിലെ ടെർമിനൽ 3 വഴി യാത്ര ചെയ്തപ്പോൾ കുമാർ അദ്ദേഹത്തെ സമീപിച്ചു. തുടർന്ന് കുമാർ ഒരു സർവകലാശാലയുടെ ഐഡി കാർഡും കാണിച്ചു. താൻ ചണ്ഡീഗഢിൽ നിന്നാണ് വരുന്നതെന്നും വിശാഖപട്ടണത്തേക്കുള്ള കണക്ഷൻ ഫ്ലൈറ്റ് നഷ്ടമായെന്നുമാണ് കുമാർ അവകാശപ്പെട്ടത്. ഒരു ടിക്കറ്റിന് 15,000 രൂപയാണ് നിരക്കെന്നും എന്നാൽ തന്റെ പക്കൽ 6,500 രൂപ മാത്രമേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

9,250 രൂപ കൂടി ആവശ്യമുണ്ടെന്ന് കുമാർ പരാതിക്കാരനെ ബോധ്യപ്പെടുത്തി. തുക ഗൂഗിൾ പേ വഴി നിക്ഷേപിക്കാമോയെന്നും സ്ഥലത്തെത്തിയയുടൻ പണം തിരികെ നൽകാമെന്നും കുമാർ പറയുകയും ചെയ്തു. ഇതനുസരിച്ച് പരാതിക്കാരൻ പണം കൈമാറി. എന്നാൽ പല തവണ പണം തിരികെ ആവശ്യപ്പെട്ടിട്ടും കുമാർ പണം തിരികെ നൽകാത്തതിനെ തുടർന്നാണ് ഇര പോലീസിനെ സമീപിച്ചത്. പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സിസിടിവി ക്യാമറകൾ നിരീക്ഷിച്ച് വിമാനത്താവളത്തിൽ പതിവായി എത്താറുള്ള ഇയാളെ പൊലീസ് സംഘം തിരിച്ചറിഞ്ഞു.

“ഡിസംബർ 30ന്, സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് യാത്രക്കാരെ കബളിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഐജിഐ എയർപോർട്ട് ടെർമിനൽ 2വിൽ നിന്ന് ഇയാളെ പിടികൂടി” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഐജിഐ എയർപോർട്ട്) സഞ്ജയ് ത്യാഗി പറഞ്ഞതായി ഇന്ത്യ.കോം റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടുതൽ അന്വേഷണത്തിൽ നിരവധി വിമാനത്താവളങ്ങളിൽ കുമാർ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിരുന്നതായി കണ്ടെത്തി. ഇയാൾക്കെതിരെ നിലവിൽ അഞ്ച് എഫ്‌ഐആറുകൾ ഉണ്ടെന്നും ട്വിറ്ററിലും നിരവധി പേർ പരാതികൾ ഉന്നയിച്ചിട്ടുണ്ടെന്നും കണ്ടെത്തി. കുമാർ ഒരു പ്രശസ്ത സർവ്വകലാശാലയിലെ വിദ്യാർത്ഥിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇരകളിൽ നിന്ന് പണം തട്ടിയിരുന്നത്.