ഗല്‍വാനില്‍ കടന്നുകയറിയെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

ന്യൂഡെൽഹി: അതിര്‍ത്തിയിലെ ഗല്‍വാനില്‍ കടന്നുകയറിയെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ. ഗല്‍വാനില്‍ ദേശീയ പതാകയുമായി ഇന്ത്യന്‍ സൈന്യം നില്‍ക്കുന്ന ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു മറുപടി. ചൈന പുറത്തുവിട്ട ചിത്രം ചൈനയുടെ ഭാഗത്തുള്ളതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കൻ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ പുതുവർഷ ദിനത്തിൽ ചൈനീസ് സൈന്യം തങ്ങളുടെ ദേശീയ പതാക ഉയർത്തിയതായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രം ഗ്ലോബൽ ടൈംസ് ആണ് അവകാശവാദം ഉന്നയിച്ചത്.

പുതുവർഷത്തിൽ രാജ്യത്തുടനീളം ദേശീയപതാക ഉയർത്തുന്നതിന്റെ ഭാഗമായാണ് ചൈനീസ് പതാക ഗൽവാനിലും പ്രദർശിപ്പിച്ചതെന്നായിരുന്നു അവകാശവാദം. മാതൃരാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുമെന്ന് സൈനികർ പ്രതിജ്ഞയെടുത്തതായും റിപ്പോർട്ടിൽ പരമാർശമുണ്ടായിരുന്നു.

കഴിഞ്ഞാഴ്ച അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈന പേരിട്ടതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവർ തയാറാക്കുന്ന ഭൂപടത്തിൽ ഈ സ്ഥലങ്ങൾ ഇനി ചൈനീസ് പേരുകളിലാവും രേഖപ്പെടുത്തുക. 2017 ൽ അരുണാചലിലെ 6 സ്ഥലങ്ങൾക്ക് ചൈന വേറെ പേരുകളിട്ടിരുന്നു.

അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈന പേരിട്ടതിനു തൊട്ടുപിന്നാലെ ഗൽവാനിൽ കടന്നുകയറിയെന്ന അവകാശവാദം പുതിയ പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കമായി വ്യാഖാനിക്കപ്പെട്ടിരുന്നു. തൊട്ടുപിന്നാലെയാണ് ചൈനീസ് അവകാശവാദം തള്ളി ഇന്ത്യൻ സൈന്യം രംഗത്തെത്തിയത്.