അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റി ചൈന; താക്കീത് നൽകി ഇന്ത്യ

ന്യൂഡെൽഹി : അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റി ചൈന. തെക്കൻ ടിബറ്റിൽ ഉൾപ്പെട്ട സ്ഥലങ്ങളാണെന്ന് അവകാശപ്പെട്ടാണ് ചൈന ഇന്ത്യൻ പ്രദേശങ്ങളുടെ പേര് മാറ്റിയത്. സാങ്‌നാനിലുള്ള 15 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകിയതായി ചൈനീസ് ഭരണകൂടം അറിയിച്ചു. ഇതിനെതിരെ ഇന്ത്യ ചൈനയ്‌ക്ക് ശക്തമായ താക്കീത് നൽകി.

എട്ട് ജനവാസസ്ഥലങ്ങൾ, നാല് മലകൾ, രണ്ട് പുഴകൾ, ഒരു ചുരം എന്നിവയുടെ പേരാണ് ചൈന മാറ്റിയത്. തങ്ങളുടെ അധീനതയിലുള്ളതാണ് ഇതെല്ലാമെന്നാണ് കമ്യൂണിസ്റ്റ് ചൈനയുടെ അവകാശവാദം. വാമോ റീ, ദു റീ, ലെൻസുബ് റീ, കുൻമിംഗ്‌സിംഗ്‌സ് ഫെംഗ്, ദുലേയ്ൻ ഹി, സെൻയോഗ്മോ ഹി എന്നിങ്ങനെയുള്ള പേരുകളാണ് പ്രദേശങ്ങൾക്ക് നൽകിയിരിക്കുന്നത്.

ഇത്തരം തന്ത്രങ്ങൾ പയറ്റി ഒരിക്കലും ഇന്ത്യൻ പ്രദേശം സ്വന്തമാക്കാമെന്ന് കരുതേണ്ട എന്ന് ഇന്ത്യ താക്കീത് നൽകി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണ്. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

പുതിയ പേര് നൽകിയെന്ന് പറഞ്ഞ് വാസ്തവമായ കാര്യങ്ങളിൽ ഒരിക്കലും മാറ്റം വരില്ല. ഇത് ആദ്യമായല്ല ചൈന ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ 2017 ലും സ്ഥലങ്ങൾക്ക് പേരിടാൻ ചൈന ശ്രമിച്ചിരുന്നു.