ബസ് , ട്രെയിൻ ടിക്കറ്റ് നിരക്കിൽ വിമാനത്തിൽ പറക്കാം; യാത്രക്കാർക്ക് വൻ ഓഫറുകളുമായി ഇൻഡിഗോ എയർലൈൻസ്

ന്യൂഡെൽഹി: ബസ് , ട്രെയിൻ ടിക്കറ്റ് നിരക്കിൽ വിമാനത്തിൽ പറക്കാം. വിമാന യാത്രക്കാർക്ക് വൻ ഓഫറുകളുമായി ഇൻഡിഗോ എയർലൈൻസ്. എന്നാൽ അടുത്ത് മൂന്ന് ദിവസത്തേക്ക് മാത്രമേ ഈ ഓഫർ ഉള്ളൂ. പുതുവർഷത്തിൽ 1122 രൂപയ്‌ക്ക് ടിക്കറ്റ് നൽകുമെന്നാണ് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചത്.

ഡിസംബർ 31 വരെയുള്ള മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ 150 റൂട്ടുകളിലും 2022 ജനുവരി 15 മുതൽ ഏപ്രിൽ 15 വരെയും യാത്ര ചെയ്യുന്നതിന് 1122 രൂപയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഇൻഡിഗോ വ്യക്തമാക്കി. മറ്റു വിമാനക്കമ്പനികളുടെ തീരുമാനത്തിന് പിന്നാലെയാണ് ഇൻഡിഗോ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്‌പൈസ് ജെറ്റ്, എയർഏഷ്യ ഇന്ത്യ, ഗോ ഫസ്റ്റ് എന്നീ വിമാനകമ്പനികൾ ആണ് നേരത്തെ ഇതേ നിലയിൽ ഓഫർ പ്രഖ്യാപിച്ചത്. ഈ കമ്പനികളും ആഭ്യന്തര വിമാന സർവീസുകളുടെ ഏറ്റവും കുറഞ്ഞ നിരക്ക് 1122 രൂപയായി പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടു വാക്‌സിനും സ്വീകരിച്ചവർക്കാണ് ഗോ ഫസ്റ്റ് എയർലൈൻ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചത്. ഒമിക്രോൺ ഭീതി രാജ്യത്ത് ആശങ്ക വർദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ നേരത്തെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഈ ഓഫർ പ്രഖ്യാപനം സഹായകമായേക്കും എന്നാണ് വിമാനക്കമ്പനികൾ പ്രതീക്ഷിക്കുന്നത്.