ലോക്സഭാ, നിയമസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾക്ക് ഇനി ഒറ്റ വോട്ടർ പട്ടിക

ന്യൂഡെൽഹി: രാജ്യത്ത് ഏക വോട്ടർ പട്ടിക നടപ്പാക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഓഫീസർമാർ മുഖേന ഏക വോട്ടർപട്ടിക നടപ്പാക്കാനാണ് ശ്രമം. ലോക്സഭാ, നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾക്ക് ഒറ്റ വോട്ടർ പട്ടികയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

ആധാറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന നിയമ ഭേദഗതി ബിൽ ലോക്സഭ പാസാക്കിയതിന് പിന്നാലെയാണ് പുതിയ നീക്കം. ഏക വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് കേന്ദ്രം സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാരുടെ യോഗം കേന്ദ്രം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന നിയമമന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ഏക വോട്ടർ പട്ടിക ചർച്ച ചെയ്തു.

യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥൻ ഇതു സംബന്ധിച്ച് അവതരണവും നടത്തി. എന്നാൽ പ്രതിപക്ഷം ഏക വോട്ടർ പട്ടികയെ ശക്തമായി എതിർക്കുന്നുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഭരണഘടന ചില അധികാരങ്ങളും അവകാശങ്ങളും നൽകുന്നുണ്ട്. ആ അധികാരത്തിലേക്കുള്ള കടന്നു കയറ്റമാണ് കേന്ദ്ര സർക്കാരിന്റേത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ ഒരു നിയമ നിർമ്മാണത്തിലൂടെ കേന്ദ്രം ഈ തീരുമാനം നടപ്പിലാക്കില്ല. പകരം സംസ്ഥാന ചീഫ് ഓഫീസർമാർ മുഖേന നടപ്പിലാക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം.