ശുദ്ധമായ ഗംഗാ ജലം നൽകുമെന്ന പേരിൽ മദ്യ വിതരണം നടത്തി; ബിജെപിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്

ന്യൂഡെൽഹി: ബിജെപി പ്രവർത്തകരെന്ന് കരുതുന്നവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മദ്യവിതരണം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയിൽ വൈറലാകുന്നു. കോൺഗ്രസ് നേതാക്കളായ ടി സിദ്ദിഖ് എംഎൽഎ അടക്കമുള്ളവർ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ എവിടെ വെച്ച് നടന്ന റാലിയുടെ ദൃശ്യങ്ങളാണ് ഇവ എന്ന് വ്യക്തമല്ല. ആളുകൾ ഗ്ലാസ്സുകളുമായി തിക്കിത്തിരക്കുന്നതും ബിജെപിയെന്ന് എഴുതിയ തൊപ്പിയും ഷാളും ധരിച്ചവർ മദ്യം ഒഴിച്ചുകൊടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്റ്റേജിനോട് അൽപ്പം മാറി പ്രത്യേകമായി സജ്ജീകരിച്ചിടത്താണ് മദ്യവിതരണം.

പരിശുദ്ധമായ ഗംഗാ ജലം നൽകുമെന്ന് വാഗ്ദാനം ചെയ്ത ബി.ജെ.പി. യു.പിയിലെ തിരഞ്ഞെടുപ്പിൽ വർഗ്ഗീയത പോരാ എന്ന് മനസ്സിലാക്കി ഇപ്പോൾ നൽകുന്നത് എന്താണ്? സബ് കാ സാത്ത്, സബ് കാ വികാസ്. യു.പിയിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം’ എന്ന അടിക്കുറിപ്പോടെയാണ് സിദ്ദിഖ് എം.എൽ.എ. വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.