സർക്കാർ ആശുപത്രിയിൽ കഫ് സിറപ്പ് കുടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു

ന്യൂഡെൽഹി: ഡെൽഹി മൊഹല്ല ക്ലിനിക്കില്‍ കഫ് സിറപ്പ് കുടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചതായി ആരോപണം. കഫ് സിറപ്പ് കുടിച്ച് അവശനിലയിലായ 16 കുട്ടികളെയാണ് കലാവതി സരണ്‍ ചില്‍ഡ്രണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ആശുപത്രിയാണ് മൊഹല്ല ക്ലിനിക്ക്. 

ഡെക്‌സ്‌ട്രോമെത്തോര്‍ഫന്‍ എന്ന മരുന്ന് കഴിച്ച 16 കുട്ടികളെയാണ് കലാവതി സരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അതില്‍ മൂന്ന് കുട്ടികള്‍ മരിച്ചെന്നും ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൊഹല്ല ക്ലിനിക്കില്‍ നിന്ന് കുട്ടികള്‍ക്ക് ഡക്‌സ്‌ട്രോമെത്തോര്‍ഫന്‍ നിര്‍ദേശിച്ചിരുന്നതായും ഈ മരുന്ന് ഒരിക്കലും കുട്ടികള്‍ക്ക് നല്‍കരുതെന്ന് നിര്‍ദേശമുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒമേഗ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് മരുന്ന് നിര്‍മാതാക്കള്‍. സംഭവത്തെ തുടര്‍ന്ന് ഈ മരുന്ന് നാല് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് നല്‍കരുതെന്നും ക്ലിനിക്കുകളില്‍ നിന്ന് മരുന്ന് പിന്‍വലിക്കണമെന്നും  ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസ് നിര്‍ദേശം നല്‍കി. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കാറില്ലെന്ന് പട്‌ന എയിംസ് പീഡിയാട്രിക്‌സ് പ്രൊഫസര്‍ ഡോ. ചന്ദ്രമോഹന്‍ കുമാര്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. 

ഈ മരുന്നിവ് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ഇത്തരം സംഭവം ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും മരുന്ന് ഓവര്‍ ഡോസായി നല്‍കിയതാകാം അപകട കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.