ന്യൂഡെൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാൻ മുസ്ലിം വ്യക്തിനിയമം ഉൾപ്പെടെ എല്ലാ മതവിഭാഗങ്ങളുടെയും വ്യക്തിനിയമങ്ങൾ ഒറ്റയടിക്ക് ഭേദഗതി ചെയ്യും. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകരിച്ച ‘ബാല വിവാഹ(ഭേദഗതി)ബിൽ 2021’-ലൂടെ എല്ലാ വ്യക്തിനിയമങ്ങളിലും ഒരുമിച്ചാണ് മാറ്റം വരുത്തുക. വ്യക്തി നിയമങ്ങളും മറ്റ് ചില നിയമങ്ങളും വെവ്വേറെ ഭേദഗതി ചെയ്യുന്നത് ഒഴിവാക്കാനാണ് എല്ലാം ഒറ്റ ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ഉന്നതവൃത്തങ്ങൾ പറഞ്ഞു.
ഏകീകൃത സിവിൽ കോഡുമായി ഇതിന് ബന്ധമില്ല. അക്കാര്യം തത്കാലം സർക്കാരിന്റെ പരിഗണനയിലില്ല. നിലവിലെ സാമൂഹിക സാഹചര്യങ്ങളും സ്ത്രീകളുടെ പിന്നാക്കാവസ്ഥ, പോഷകാഹരക്കുറവ്, വിളർച്ച തുടങ്ങിയ ഘടകങ്ങളും പരിഗണിച്ചാണ് നിയമം കൊണ്ടുവരുന്നതെന്നുമാണ് വിശദീകരണം.
പാർലമെന്റ് സമ്മേളനം വ്യാഴാഴ്ച അവസാനിക്കുന്നതിന് തൊട്ടുമുൻപ്, മിക്കവാറും ബുധനാഴ്ചയായിരിക്കും ബിൽ അവതരിപ്പിക്കുക. സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുമോ അതല്ല, ഉടൻതന്നെ പാസാക്കുമോ എന്ന് ഉറപ്പായിട്ടില്ല. യു.പി.യിൽ തിരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തിൽ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടാനുള്ള സാധ്യത തള്ളാനാവില്ല.
സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം ഉയർത്തുന്നത് മുസ്ലിം വ്യക്തി നിയമത്തിലുള്ള കൈകടത്താലാണെന്ന് ചൂണ്ടിക്കാട്ടി മുസ്ലിം ലീഗും മറ്റ് സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളും നിർദേശത്തെ എതിർക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ബിൽ കൊണ്ടുവരുമെന്ന സൂചനയിൽ മുസ്ലിം ലീഗ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. നിലവിൽ മുസ്ലിം വ്യക്തിനിയമത്തിൽ സ്ത്രീകളുടെ ചുരുങ്ങിയ വിവാഹപ്രായം വർഷത്തിന്റെ അടിസ്ഥാനത്തിൽ നിർവചിച്ചിട്ടില്ലെങ്കിലും പെൺകുട്ടി പ്രായമാകുമ്പോൾ വിവാഹം ചെയ്തുകൊടുക്കാമെന്നാണ് പറയുന്നത്. എന്നാൽ, മറ്റു വ്യക്തിനിയമങ്ങളിലും സ്പെഷ്യൽ മാരേജ് ആക്ടിലും ചുരുങ്ങിയ വിവാഹപ്രായം 18 ആണ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും വിവാഹപ്രായം 21 ആക്കുകയാണ് പുതിയ ‘ബാല വിവാഹ(ഭേദഗതി)ബില്ലി’ന്റെ ലക്ഷ്യം.
ഭേദഗതി ചെയ്യുന്ന നിയമങ്ങൾ
- സ്പെഷ്യൽ മാരേജ് ആക്ട്- 1954.
2.ബാല വിവാഹ നിരോധന നിയമം-2006.
- ഫോറിൻ മാരേജ് ആക്ട്-1969.
- മുസ്ലിം വ്യക്തിനിയമം-1937.
- ഹിന്ദു വിവാഹ നിയമം-1955.
- ഇന്ത്യൻ ക്രിസ്ത്യൻ വിവാഹ നിയമം-1872.
- പാർസി വിവാഹവും വിവാഹ മോചനവും നിയമം-1955.
- ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് ആക്ട്-1956.
- ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് ആക്ട്-1956.