പാകിസ്ഥാൻ ബോട്ടിൽ നിന്ന് ഗുജറാത്ത് തീരത്ത് 400 കോടിയുടെ വൻ ലഹരിവേട്ട; ആറുപേർ പിടിയിൽ

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട. പാകിസ്ഥാനിൽ നിന്നുള്ള ബോട്ടിൽ നിന്ന് 400 കോടിയുടെ ഹെറോയിനാണ് പിടികൂടിയത്. ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 77 കിലോ ഗ്രാം വരുന്ന ഹെറോയിൻ കണ്ടെത്തിയത്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അതേസമയം പാകിസ്ഥാനിൽ നിന്നുള്ളതെന്ന് കരുതപ്പെടുന്ന ‘അൽ ഹുസൈൻ’ ബോട്ടിലാണ് ലഹരി മരുന്ന എത്തിച്ചതെന്നാണ് റിപ്പോർട്ട്. നേരത്തെ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തിൽ നിന്ന് 3000 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ടാൽകം പൗഡറാണെന്ന വ്യാജേനയാണ് ഇവ രണ്ട് കണ്ടെയ്നറുകളിലായി എത്തിച്ചിരുന്നത്.

ഒരു കണ്ടെയ്നറിൽനിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്നറിൽനിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്. മുന്ദ്ര തുറമുഖം വഴിയുള്ള ലഹരിമരുന്ന് കടത്തിൽ അഫ്ഗാൻ പൗരന്മാർക്ക് പങ്കുള്ളതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ഗുജറാത്തിൽ വൻ തോതിൽ ലഹരി മരുന്ന് വേട്ട.