ന്യൂഡെൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചു രാജ്യത്തെ പ്രമുഖരുടെ ഫോണ് ചോർത്തിയത് സംബന്ധിച്ചു അന്വേഷിക്കാൻ പശ്ചിമബംഗാൾ സർക്കാർ നിയോഗിച്ച ജസ്റ്റീസ് മദൻ ബി. ലോകൂറിന്റെ ജുഡീഷൽ അന്വേഷണ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. പെഗാസസ് ഫോണ് ചോർത്തൽ അന്വേഷിക്കാൻ സുപ്രീംകോടതി തന്നെ നേരിട്ട് ഒരു സമിതിയെ നിയോഗിച്ച സാഹചര്യത്തിലാണ് സ്റ്റേ.
വിഷയം അന്വേഷിക്കാൻ സുപ്രീംകോടതി സമിതി രൂപീകരിച്ച ശേഷവും ബംഗാൾ സർക്കാർ നിയോഗിച്ച സമിതി അന്വേഷണം തുടരുന്നു എന്നു ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിരുന്നു. അന്വേഷണം തുടരില്ലെന്നു വ്യക്തമാക്കിയതിനു ശേഷവും സംസ്ഥാനം നിയോഗിച്ച സമിതി അന്വേഷണം തുടർന്നതിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. മുൻ സുപ്രീംകോടതി ജസ്റ്റീസ് ആയിരുന്ന മദൻ ബി. ലോകൂർ അധ്യക്ഷനായ സമിതിയുടെ സെക്രട്ടറിക്ക് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.