രോഹിണി കോടതി കെട്ടിടത്തിലെ സ്ഫോടനക്കേസിൽ വഴിത്തിരിവ്; ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡെൽഹി: ഡെൽഹി രോഹിണി കോടതി കെട്ടിടത്തിലെ സ്ഫോടനക്കേസിൽ വഴിത്തിരിവ്. ബോംബ് നിർമ്മിച്ച് അഭിഭാഷകന്റെ ലാപ്ടോപ്പ് ബാഗിൽ ഒളിപ്പിച്ച് കോടതിയിൽ എത്തിച്ച് പൊട്ടിച്ച ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽക്കാരനായ അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് അറിയിച്ചത്.

അഭിഭാഷകനെ കൊലപ്പെടുത്തുന്നതിന് വേണ്ടി ചെറിയ ബോംബ് നിർമ്മിച്ചതും ഇയാളാണ്. ശേഷം ഈ ബോംബ് അഭിഭാഷകന്റെ ബാഗിൽ ഒളിപ്പിച്ചു. ഇതു വഴി അഭിഭാഷകനെ കൊലപ്പെടുത്താനായിരുന്നു ഇയാളുടെ പദ്ധതി. അഭിഭാഷകൻ കേസിൽ ഹാജരാകാൻ കോടതിയിൽ എത്തിയപ്പോൾ ബാഗിലുണ്ടായിരുന്ന ബോംബ് പൊട്ടുകയായിരുന്നു.

ആ മാസം 10 തിയ്യതിയാണ് രോഹിണി കോടതിയിൽ സ്ഫോടനം ഉണ്ടായത്. തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നത്. കോടതി കെട്ടിടത്തിലെ 102-ാം നമ്പര്‍ ചേംബറിനുള്ളിൽ രാവിലെ പത്തരയോടെയാണ് വലിയ ശബ്ദത്തോടെ സ്‌ഫോടനമുണ്ടായത്.

കോടതി നടപടികൾ തുടരുന്നതിനിടെ ചേമ്പറിനുള്ളിലുണ്ടായിരുന്ന ലാപ്ടോപ് ബാഗ് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും സ്ഫോടക വസ്തുക്കളും ചോറ്റുപാത്രവും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിആർഡിഒ ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റ് ചെയ്തത്.