മൂന്ന് ഡോസ് വാക്‌സിന്‍ എടുത്തിട്ടും യുഎസില്‍ നിന്ന് മുംബൈയില്‍ എത്തിയ യുവാവിന് ഒമൈക്രോണ്‍

മുംബൈ: അമേരിക്കയില്‍ നിന്ന് മുംബൈയില്‍ എത്തിയ 29കാരന് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഫൈസര്‍ വാക്‌സിന്റെ മൂന്ന് ഡോസുകള്‍ എടുത്ത ആള്‍ക്കാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) വ്യക്തമാക്കി.

ഇയാള്‍ക്കു ലക്ഷണങ്ങളൊന്നുമില്ലായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് നവംബര്‍ ഒന്‍പതിന് എത്തിയ ഇയാള്‍ക്ക് വിമാനത്താവളത്തില്‍വച്ചു നടത്തിയ പരിശോധനയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നു സാംപിളുകള്‍ വിശദ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

ഇയാളുമായി അടുത്ത് സമ്പര്‍ക്കമുണ്ടായിരുന്ന രണ്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ബിഎംസി അറിയിച്ചു. രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ മുംബൈയിലെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി. ഇതില്‍ 13 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

മഹാരാഷ്ട്രയിലെ ആകെ ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 40 ആയി. നഗരത്തില്‍ സ്ഥിരീകരിച്ച ഒമൈക്രോണ്‍ കേസുകളിലൊന്നും ഗുരുതര ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.