ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്

ന്യൂ ഡെൽഹി: ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. കൊറോണ കാലത്തുൾപ്പടെ നൽകിയ സഹകരണത്തിന് മോദിക്ക് നന്ദിയെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി പറഞ്ഞു. ഭൂട്ടാൻ ദേശീയ ദിനമായ ഇന്നാണ് രാജാവ് ജിഗ്മെ ഖേസർ നാംഗ്യല് വാങ്ങ്ചുക്ക് പരമോന്നത സിവിലിയൻ ബഹുമതി പ്രഖ്യാപിച്ചത്.

രാജാവ് നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചതിൽ അതീവസന്തോഷമുണ്ടെന്ന് ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടേ ഷേറിംഗ് ഫേസ്ബുക്ക് കുറിപ്പിൽ‌ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെല്ലാം, പ്രത്യേകിച്ച് കൊറോണ കാലത്ത് മോദി ഭൂട്ടാന് പകർന്നു തന്ന ഉപാധികളില്ലാത്ത സൗഹൃദത്തെ രാജാവ് പ്രശംസിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

‘ഭൂട്ടാനിലെ ജനങ്ങൾ അഭിനന്ദനം അറിയിക്കുന്നു. താങ്കൾ വളരെയധികം അർഹിക്കുന്നതാണിത്’. ഭൂട്ടാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ കുറിച്ചു.