ചെന്നൈ: നടൻ വിജയ് സേതുപതിയ്‌ക്ക് മാനനഷ്ടക്കേസിൽ നോട്ടീസ്. തന്നെ മർദ്ദിച്ചെന്നാരോപിച്ച് നടൻ മഹാഗാന്ധി നൽകിയ കേസിലാണ് ചെന്നൈ മെട്രോപൊലിറ്റൻ മജിസ്‌ട്രേറ്റ് നോട്ടീസ് അയച്ചിരിക്കുന്നത്. കേസ് ജനുവരി രണ്ടിന് പരിഗണിക്കും. അഭിനന്ദിക്കാൻ എത്തിയ തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്നാണ് മഹാഗാന്ധി പരാതിയിൽ പറയുന്നത്.
നവംബർ രണ്ടിന് മെഡിക്കൽ ചെക്കപ്പിനായി മൈസൂരിലേക്ക് പോകുമ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് സംഭവം. വിമാനത്താവളത്തിൽ വച്ച് വിജയ് സേതുപതിയെ താൻ കണ്ടിരുന്നു. താൻ ഒരു നടൻ കൂടിയായതിനാൽ വിജയ് സേതുപതിയുടെ നേട്ടങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കാനും താൻ ശ്രമിച്ചു.
നടൻ തന്നോട് അപമര്യാദയായി പെരുമാറുക മാത്രമല്ല തന്റെ ജാതിയെ തരംതാഴ്‌ത്തുകയും ചെയ്തുവെന്ന് മഹാഗാന്ധി പറയുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മാനേജർ തന്നെ ആക്രമിക്കുകയും ചെവിയിൽ ഇടിക്കുകയും ചെയ്തു. ഇത് തന്റെ കേൾവിയേയും ബാധിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും ഇത് ഇടയാക്കിയതായി തന്റെ ഡോക്ടർമാരും പറഞ്ഞു.
താൻ ഒരിക്കലും വിജയ് സേതുപതിയേയോ സഹായിയെയോ ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചതായും അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. കയ്യേറ്റം ചെയ്യുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
അതിനിടെ നടൻ വിജയ് സേതുപതിക്കെതിരായുള്ള പ്രചാരണം നടത്തിയ ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസെടുത്തു. കോയമ്പത്തൂര്‍ പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിജയ് സേതുപതിയെ അടിക്കുന്നവര്‍ക്ക് 1001 രൂപ നല്‍കുമെന്ന് അര്‍ജുന്‍ സമ്പത്ത് ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അര്‍ജുന്‍ സമ്പത്തിനെതിരെ ഐ.പി.സി സെക്ഷന്‍ 504, 501(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസുമായി സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികം ആണ് ഹിന്ദു മക്കള്‍ കക്ഷി പ്രഖ്യാപിച്ചത്. ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്തിന്റെ പ്രഖ്യാപനം. തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവർ അയ്യയെ നടൻ അപമാനിച്ചെന്നാണ് ഹിന്ദു മക്കൾ കക്ഷി ആരോപിക്കുന്നത്. തേവർ സമുദായത്തിന്‍റെ ഉന്നതനേതാവായിരുന്നു പാസുംപൺ മുത്തുരാമലിംഗ തേവർ.
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടന്ന തേവർ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നെന്നും എന്നാൽ പങ്കെടുക്കാനാകില്ല എന്ന് വിജയ് സേതുപതി പറഞ്ഞെന്നുമാണ് ആരോപണം. തേവർ അയ്യ എന്നാൽ കാൾ മാർക്സോ ലെനിനോ ഒന്നും അല്ലല്ലോ എന്നാണ് ഇതേക്കുറിച്ച് വിജയ് സേതുപതി പ്രതികരിച്ചത്. ഇതിൽ പ്രകോപിതരായാണ് ഹിന്ദുമക്കൾ കക്ഷിയുടെ വിവാദപ്രസ്താവന.
കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ സംഘത്തെ ബെംഗളുരു വിമാനത്താവളത്തിൽ വച്ച് യുവാവ് ആക്രമിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്ക്രീൻഷോട്ടടക്കമുള്ള പോസ്റ്ററാണ് അർജുൻ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കൾ കക്ഷിയുടെ ട്വിറ്റർ ഹാൻഡിൽ പുറത്തുവിട്ടിരിക്കുന്നത്. ”വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് അർജുൻ സമ്പത്ത് പണം പാരിതോഷികമായി നൽകുമെന്ന് പ്രഖ്യാപിക്കുന്നു. തേവർ അയ്യയെ അപമാനിച്ചതിനാണിത്. 1 കിക്ക് = 1001 രൂപ. ആർക്കും നൽകും. മാപ്പ് പറയും വരെ തല്ലണം”, എന്ന് അർജുൻ സമ്പത്ത്.
വിജയ് സേതുപതിയെ വിമാനത്താവളത്തിൽ വച്ച് ചവിട്ടാൻ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചുവെന്നാണ് അർജുൻ സമ്പത്ത് പറയുന്നത്. മഹാഗാന്ധിയോട് പരിഹാസരൂപേണ സംസാരിച്ചതിനാണ് മഹാഗാന്ധി എന്നയാൾ വിജയ് സേതുപതിയെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് അർജുൻ സമ്പത്തിന്‍റെ പക്ഷം.
ദേശീയ അവാർഡ് ലഭിച്ചതിന് വിജയ് സേതുപതിയെ അഭിനന്ദിക്കാനാണ് മഹാഗാന്ധി ചെന്നത്. എന്നാൽ ഇതൊരു രാജ്യമാണോ എന്നായിരുന്നു വിജയ് സേതുപതിയുടെ മറുപടി.