സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും സംസ്കാരം ഇന്ന്

ന്യൂഡെൽഹി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്കാരം ഇന്ന്. പൂർണ്ണ സൈനിക ബഹുമതികളോടെയാണ് സംസ്കാരം. സംസ്കാരം മൂന്നു മണിക്ക് ഡെൽഹി ബ്രാർ ശ്മശാനത്തിൽ. ഡെൽഹിയിലെ വസതിയിൽ നിന്ന് വിലാപ യാത്രയുമായി ബ്രാർ ശ്മശാനത്തിലേക്ക് എത്തിക്കും.

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട സൈനികരുടെ മൃതദേഹം ഇന്നലെ ഡെൽഹിയിലെത്തിച്ചു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേരുടെ മൃതദേഹങ്ങളാണ് പാലം വിമാനത്താവളത്തിലെത്തിച്ചത്. മൂന്ന് സേന തലവന്മാരും സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ വിമാനത്താവളത്തിലെത്തും.

ഇന്ന് പൊതുജനങ്ങൾക്കും ആദരാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. 11 മുതൽ 12 വരെയാണ് പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ അവസരമുള്ളത്. അതേസമയം ഹെലികോപ്റ്റർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വരുൺ സിംഗിനെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡോ ആശുപത്രിയിലേക്കാണ് മാറ്റിയത്. എയർ ആംബുലൻസിലാണ് അദ്ദേഹത്തെ ബംഗളൂരുവിലെത്തിച്ചത്.

രാജ്യത്ത് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രികളിലൊന്നാണ് ബംഗ്ലൂരുവിലെ വ്യോമസേന കമാൻഡോ ആശുപത്രി. കൂനൂരിൽ അപകടത്തില്‍പ്പെട്ട ഹെലികോപ്ടറിലുണ്ടായിരുന്ന സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന്റെ തിരിച്ചുവരവിന് വേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ് രാജ്യം.വെല്ലിംങ്ങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ വിദഗ്ദ ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ബംഗ്ലൂരുവിലേക്ക് എത്തിച്ചത്.

ഹെലികോപ്ടർ ദുരന്തത്തിൽ രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിംഗിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകർന്നത്. ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു അപകടം. ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയ ശീരനായ സൈനികനാണ് വരുൺ സിങ്.