ന്യൂഡെൽഹി: ആഘോഷങ്ങളില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് ഇന്ന് 75-ാം പിറന്നാൾ. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വേർപാടിൽ അനുശോചിച്ച് വ്യക്തിപരമായും പാർട്ടിയുടെയും ഇന്നത്തെ എല്ലാ പരിപാടികളും സോണിയ റദ്ദു ചെയ്തു.
എഴുപത്തിനാലു വയസു തികഞ്ഞപ്പോഴും കർമനിരതയാണ് സോണിയ. പാർലമെന്റിലെത്തി ഇന്നലെ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസങ്ങളിലും സോണിയ ലോക്സഭയിലെ മുൻനിരയിൽ രാവിലെ തന്നെയെത്തിയിരുന്നു.
കോണ്‍ഗ്രസിനു മുഴുസമയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വൈകിയതിനെ തുടർന്നാണു സോണിയ താൽകാലിക പ്രസിഡന്റായി തുടരുന്നത്. മക്കളായ രാഹുൽ, പ്രിയങ്ക എന്നിവരും കൊച്ചുമക്കളും അടുത്ത ജീവനക്കാരും മാത്രമാണ് ഇന്ന് രാവിലെ സോണിയയെ കണ്ടത്. കുടുംബത്തിലും പുറത്തും ഇന്ന് ആഘോഷങ്ങളൊന്നും വേണ്ടെന്നു സോണിയ തന്നെയാണു നിർദേശിച്ചത്.