ഹെലികോപ്ടർ ദുരന്തത്തിൽ രക്ഷപെട്ട ക്യാപ്റ്റൻ വരുൺ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരം ; വിദഗ്ദ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റും

ചെന്നൈ: സംയുക്ത സൈനിക മേധാവിയടക്കം കൊല്ലപ്പെട്ട ഹെലികോപ്ടർ ദുരന്തത്തിൽ രക്ഷപെട്ട ഗ്രൂപ്പ് ക്യാപ്റ്റനായ വരുൺ സിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് മാറ്റും. വെന്‍റിലേറ്ററില്‍ കഴിയുന്ന വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു.

അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അപകട ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകർന്നത്. ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു അപകടം. ധീരതയ്ക്കുള്ള ശൗര്യചക്ര ഏറ്റുവാങ്ങിയ ശീരനായ സൈനികനാണ് വരുൺ സിങ്. അപകടം നടന്നതിന് സമീപത്തുള്ള വെല്ലിങ്ടൺ സൈനിക ആശുപത്രിയിലാണ് ഇദ്ദേഹം ഇപ്പോൾ ചികിത്സയിലുള്ളത്.

2020 ഒക്ടോബർ 12ന് വ്യോമസേനയിൽ വിങ് കമാൻഡറായ വരുൺ സിങ് തേജസ് യുദ്ധവിമാനം പറത്തുന്നതിനിടെയുണ്ടായ അപകടത്തെ ധീരതയോടെയും മനസ്സാന്നിധ്യത്തോടെയും നേരിട്ട് പരാജയപ്പെടുത്തിയതിനാണ് ശൗര്യചക്രക്ക് അർഹനായത്. വിമാനത്തിന്‍റെ നിയന്ത്രണ സംവിധാനത്തിനും കോക്പിറ്റിനകത്തെ വായുസമ്മർദ സംവിധാനത്തിനുമാണ് അന്ന് തകരാർ നേരിട്ടത്. ഉയർന്ന വിതാനത്തിൽ പറക്കുന്നതിനിടെയുണ്ടായ പ്രതികൂല സാഹചര്യത്തെ ക്യാപ്റ്റൻ വരുൺ സിങ് മനോധൈര്യത്തോടെ നേരിടുകയായിരുന്നു.

വിമാനം ഉയരത്തിൽ പറക്കവേ നിയന്ത്രണം നഷ്ടമാകുകയും അതിവേഗം താഴേക്ക് പതിക്കുകയുമായിരുന്നു. പിന്നീട് വളരെ അപകടകരമായ വിധത്തിൽ മുകളിലേക്കും താഴേക്കും പറന്നു. അങ്ങേയറ്റം ജീവൻ അപകടപ്പെടുത്തുന്ന സാഹചര്യത്തിൽ കടുത്ത ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിലായിരുന്നിട്ടും, വരുൺ സിങ് മനോധൈര്യം കൈവിട്ടില്ല. എന്നാൽ നിയന്ത്രണത്തിലായെന്ന് കരുതവേ, 10,000 അടി ഉയരത്തിൽ വെച്ച് വിമാനത്തിന്‍റെ നിയന്ത്രണം വീണ്ടും പൂർണമായി നഷ്ടപ്പെട്ടു.

യുദ്ധവിമാനം നിയന്ത്രണവിധേയമാക്കാനാകാത്ത സാഹചര്യങ്ങളിൽ അറ്റകൈയെന്ന നിലയിൽ പൈലറ്റിന് വിമാനം ഉപേക്ഷിച്ച് പുറത്തുകടക്കാനുള്ള സ്വാതന്ത്രമുണ്ട്. എന്നാൽ, പ്രതിസന്ധിഘട്ടത്തെ അഭിമുഖീകരിക്കാൻ തയാറായ ക്യാപ്റ്റൻ വരുൺ സിങ് സ്വന്തം ജീവൻ പോലും അവഗണിച്ച് വിമാനത്തെ നിയന്ത്രണത്തിലാക്കുകയായിരുന്നു. ഒടുവിൽ സുരക്ഷിതമായി വിമാനത്തെ ലാൻഡ് ചെയ്യിക്കാനും അദ്ദേഹത്തിന് സാധിച്ചു.

വലിയ അപകടത്തിലേക്കും ദുരന്തത്തിലേക്കും വഴിവെക്കുമായിരുന്ന സാഹചര്യത്തെ സധൈര്യം നേരിട്ടതിന് രാജ്യം ക്യാപ്റ്റൻ വരുൺ സിങ്ങിന് ശൗര്യചക്ര സമ്മാനിക്കുകയായിരുന്നു. സ്വന്തം ജീവനും തേജസ് യുദ്ധവിമാനവും മാത്രമല്ല വരുൺ സിങ് സംരക്ഷിച്ചതെന്ന് ശൗര്യചക്ര പ്രഖ്യാപിച്ചുകൊണ്ട് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. അപകടം വഴി പൊതുജനങ്ങൾക്കും സൈന്യത്തിനുമുണ്ടാകുന്ന കനത്ത നഷ്ടങ്ങൾ ഒഴിവാക്കാനും ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്‍റെ മനസാന്നിധ്യവും നിർണായക തീരുമാനമെടുക്കാനുള്ള ശേഷിയും പരിചയസമ്പന്നതയും വഴി സാധിച്ചു.

ഊട്ടിക്ക് സമീപം ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടം. ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ച ഹെലികോപ്റ്റർ താഴെ വീഴുന്നതിന് മുൻപ്, ആകാശത്ത് വെച്ചുതന്നെ തീഗോളമായി മാറിക്കഴിഞ്ഞിരുന്നു.

ശബ്ദം കേട്ട ഭാഗത്തേക്ക് ആദ്യം ഓടിയെത്തിയത് അവിടുത്തെ നാട്ടുകാരായിരുന്നു. എന്നാൽ ലോഹം കത്തുന്ന ചൂടിൽ അവർക്ക് അടുക്കാൻ പോലുമായിരുന്നില്ല. കുടത്തിൽ വെള്ളം കോരിയൊഴിച്ചും കിട്ടാവുന്ന കമ്പിളികളെല്ലാം ഉപയോഗിച്ചുമാണ് അവർ രക്ഷാപ്രവർത്തനം നടത്തിയത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശ്രമത്തിനൊടുവിൽ അപകടത്തിൽ പെട്ടവരെ പുറത്തെടുക്കുമ്പോൾ ആകെ രണ്ട് പേർക്കാണ് ജീവന്റെ തുടിപ്പ് അവശേഷിച്ചിരുന്നത്.

ആദ്യം 4 പേർ മരിച്ചെന്നായിരുന്നു സ്ഥിരീകരിച്ചത്. എന്നാൽ രാജ്യത്തിന്റെ ആദ്യത്ത സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരും ദാരുണമായി കൊല്ലപ്പെടുകയിരുന്നു. ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് അപകടത്തിൽ പെട്ടവരിൽ ആകെ രക്ഷപെട്ടത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി പറഞ്ഞു. ബിപിൻ റാവത്ത് തന്‍റെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളൊക്കെ ഉപയോഗിച്ച് ആദ്യം തീയണയ്ക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

കൂനൂരില്‍ അപകടത്തില്‍പ്പെട്ട വ്യോമസേന ഹെലികോപ്ടറില്‍ നിന്ന് അടിയന്തര സന്ദേശം ലഭിച്ചില്ലെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കി. വെല്ലിംഗ്ടൺ എടിസിയുമായി സമ്പർക്കത്തിൽ എന്നായിരുന്നു ഏറ്റവും അവസാനം പൈലറ്റ് നല്‍കിയ സന്ദേശം. അപകടത്തിന് പിന്നാലെ വ്യോമസേനാ ഹെലികോപ്ടറിന്‍റെ ഡാറ്റാ റെക്കോർഡർ അന്വേഷണ സംഘം കണ്ടെത്തി. അപകടസമയത്ത് എന്താണ് സംഭവിച്ചത് എന്നറിയാൻ ഡാറ്റാ റെക്കോർഡർ പരിശോധന സഹായിക്കും. സുരക്ഷാ സംവിധാനത്തിൽ ഏതെങ്കിലും വിധത്തിലുള്ള പാളിച്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധനയിൽ വ്യക്തമാകും. വിങ് കമാൻഡർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് പരിശോധന. 25 പേരാണ് പരിശോധനാ സംഘത്തിലുള്ളത്. വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും സ്ഥലത്തെത്തി പരിശോധന നടത്തി.