ന്യൂഡെൽഹി: നാഗാലൻഡ് വെടിവെപ്പുമായി ബന്ധപ്പെട്ട് സുരക്ഷാസേനയ്ക്കെതിരെ വെളിപ്പെടുത്തലുമായി വെടിയേറ്റ് ചികിത്സയിൽ കഴിയുന്ന തൊഴിലാളി. സുരക്ഷാസേന തങ്ങളോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടില്ല എന്നാണ് വെടിയേറ്റ സെയ് വാങ് സോഫ്റ്റ്‌ലി പറയുന്നത്. യാതൊരു പ്രകോപനവുമില്ലാതെ സേന നേരിട്ട് വെടിവയ്ക്കുകയായിരുന്നു. പകൽ വെളിച്ചത്തിലാണ് വെടിവെപ്പ് നടന്നതെന്നും സെയ് വാങ് പറയുന്നു.ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് സെയ് വാങ് സോഫ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.
എട്ട് അംഗ തൊഴിലാളി സംഘത്തിലെ ആറു പേരെയാണ് സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്. നാഗാലാൻഡിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ ചോരയ്ക്ക് പ്രതികാരം ചെയ്യുമെന്ന് വിഘടനവാദി സംഘടനയായ എൻ എസ് സി എൻ പ്രഖ്യാപിച്ചിട്ടുണ്ട്. സൈന്യത്തിനെതിരായ ആക്രമണം തുടരുമെന്നാണ് വിഘടനവാദികളുടെ ഭീഷണി. ജനങ്ങളുടെ സഹകരണം വേണമെന്നും സംഘടന ആവശ്യപ്പെട്ടു. ഭീഷണിയുടെ പശ്ചാത്തലത്തിൽ നാഗാലാൻസ് പൊലീസിനും സൈന്യത്തിനും ജാഗ്രത നിർദ്ദേശം നൽകി.
അതേ സമയം അഫ്സ്പാ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്. കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് നാഗാലാൻഡിൽ വെടിവെപ്പ് നടന്ന മോൺ ജില്ല സന്ദർശിക്കും. ആന്റോ ആന്റണി എം പി ഉൾപ്പെടുന്ന നാലംഗ സംഘം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെക്കണ്ടു റിപ്പോർട്ട് തയ്യാറാക്കി സോണിയാഗാന്ധിക്ക് സമർപ്പിക്കും. നാഗാലാൻഡ് സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് സംഘം ഇന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ യുമായി കൂടിക്കാഴ്ചക്ക് സമയം ചോദിച്ചിട്ടുണ്ട്.