സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ തകര്‍ന്നു; 11 പേർ മരിച്ചു

ഊട്ടി: ഇന്ത്യൻ സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫൻസ്) ബിപിൻ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നു വീണു. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം.11 പേർ മരിച്ചതായി സൂചന.

ബിപിൻ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തിൽ പെട്ടതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത് അടക്കം 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗുരുതരമായി പരിക്കേറ്റ ബിപിൻ റാവത്ത് അടക്കമുള്ളവരെ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക്, വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

വ്യോമസേനയുടെ എം.ഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തിൽ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുനൂർ കട്ടേരിക്ക് സമീപമായിരുന്നു ഹെലിക്കോപ്ടർ തകർന്നുവീണത്. കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്.

നാലോളാം പേരെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് സൂചന. ഹെലികോപ്ടറിൽ 14 പേരുണ്ടായിരുന്നുവെന്നും നാല് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആറ് സൈനിക ഉദ്യോഗസ്ഥരും ഹെലികോപ്ടറിലുമ്ടായിരുന്നു.

ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ഒരുപക്ഷേ ഡെൽഹിയിൽ നിന്നും ഔദ്യോഗിക പ്രതികരമുണ്ടാവുമെന്നാണ് സൂചന.

അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ഡെൽഹിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു.

കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ഡെൽഹിയിൽ ചേരുമെന്നാണ് വിവരം. ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.