രാജ്യത്ത് ഹിന്ദു മുസ്ലിം വൈരം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്

ന്യൂ ഡെൽഹി: രാജ്യത്ത് ഹിന്ദു മുസ്ലിം വൈരം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഐഎഎന്‍എസ് സി വോട്ടര്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന ഫലം പുറത്തുവന്നത്. ഡിസംബര്‍ 5 ന് നടത്തിയ സര്‍വേയിലാണ് മത വൈരം പടര്‍ത്തുന്നതില്‍ സമൂഹമാധ്യമത്തിന് വലിയ പങ്കുണ്ടെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 48.2 ശതമാനം ആളുകളും ഇതിനെ പിന്തുണയ്ക്കുന്നു. 23 ശതമാനം ആളുകളാണ് സമൂഹമാധ്യമത്തിന് മത വൈരം പടര്‍ത്തുന്നതില്‍ കാര്യമായ പങ്കില്ലെന്ന് വാദിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അടിസ്ഥാനത്തില്‍ പരിഗണിച്ചാല്‍ സര്‍വേയുടെ ഭാഗമായ 40.7 ശതമാനം എന്‍ഡിഎ വോട്ടര്‍മാരും മതവൈരത്തിന് സമൂഹമാധ്യമങ്ങള്‍ വലിയ പങ്കുവഹിക്കുന്നുവെന്നാണ് വിശദമാക്കുന്നത്. പ്രതിപക്ഷ വിഭാഗത്തിലുള്ള 53.6ശതമാനം ആളുകള്‍ക്കും ഇങ്ങനെ തന്നെയാണ് അനുഭവം.

വ്യാപകമായ രീതിയില്‍ തെറ്റായ വിവരം പടര്‍ത്താന്‍ സമൂഹമാധ്യമങ്ങള്‍ കാരണമാകുന്നുവെന്ന വിമര്‍ശനത്തിനിടെ വലിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ അടുത്തിടെ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു.

സ്പര്‍ധ പടര്‍ത്തുന്ന സന്ദേശങ്ങള്‍ പടര്‍ത്തുന്നതായി ശ്രദ്ധയില്‍പ്പെടുന്നതിന് പിന്നാലെ പ്രാദേശിക അധികൃതര്‍ തന്നെ സമൂഹമാധ്യമങ്ങളെ വിലക്കുന്ന കാഴ്ചകളും അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ പാലിക്കേണ്ട നിയന്ത്രണങ്ങളേക്കുറിച്ച് പാര്‍ലമെന്‍റ്റി കമ്മിറ്റി അടുത്തിടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

അടുത്തിടെയാണ് മുന്‍ ഫേസ്ബുക്ക് ജീവനക്കാരിയായ ഫ്രാന്‍സിസ് ഹോഗന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ സമൂഹമാധ്യമങ്ങള്‍ കലാപത്തിന് വരെ വഴി തെളിക്കുന്നകായി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐഎഎന്‍എസ് സര്‍വേ.

ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ആര്‍എസ്എസ് അനുകൂല ഗ്രൂപ്പുകള്‍ പങ്കുവയ്ക്കുന്ന മുസ്ലിം വിരുദ്ധ പോസ്റ്റുകളേക്കുറിച്ചും ഫ്രാന്‍സിസ് ഹോഗന്‍ പറഞ്ഞിരുന്നു. ഇതിനേക്കുറിച്ച് അറിവുണ്ടായിട്ടും ഫേസ്ബുക്ക് വിദ്വേഷ പ്രചാരണം തടയാന്‍ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു ഫ്രാന്‍സിസ് ഹോഗന്‍ വിശദമാക്കിയത്.