എട്ടുവയസുകാരിയെ വനിതാ പോലീസ് പരസ്യവിചാരണ ചെയ്ത ആറ്റിങ്ങൽ രീതിക്ക് സമാനമായ സംഭവം തെലങ്കാനയിലും

ഹൈദരാബാദ്: എട്ടുവയസുകാരിയെ വനിതാ പോലീസ് പരസ്യവിചാരണ ചെയ്ത ആറ്റിങ്ങൽ രീതിക്ക് സമാനമായ സംഭവം തെലങ്കാനയിലും. എട്ടുവയസുകാരിയായ മകള്‍ക്ക് മുന്നില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിതാവിനെ മര്‍ദ്ദിച്ചതായാണ് പരാതി. ഇതെ ചൊല്ലി പൊലീസ് ഉദ്യോഗസ്ഥരും കുട്ടിയുടെ പിതാവും തമ്മില്‍ വാക്ക്തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

മഹ്ബൂബാബാദ് ജില്ലയില്‍ ഞായറാഴ്ച പട്ടാപ്പകലാണ് സംഭവം. ശ്രീനിവാസും മകളും പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ശ്രീനിവാസിനെ പൊലീസ് തടഞ്ഞു. മകളുടെ മുന്നില്‍ വച്ച് എസ്‌ഐ തന്റെ മുഖത്തടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ‘നിങ്ങള്‍ക്ക് പിഴ ചുമത്താം, എന്നാല്‍ എന്തിന് എന്റെ മുഖത്തടിച്ചു?’- ശ്രീനിവാസ് പൊലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

സംഭവസമയത്ത് ഇത് കണ്ടുനിന്ന എട്ടുവയസുകാരി നിസ്സഹായായി പൊട്ടിക്കരഞ്ഞു. തെറ്റു ചെയ്യാത്ത സ്ഥിതിക്ക് ഒന്നിനെ കുറിച്ചും ഓര്‍ത്ത് ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞ് അച്ഛന്‍ മകളെ ആശ്വസിപ്പിച്ചു.

വീഡിയോ പുറത്തുവന്നതോടെ, പൊലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. അതേസമയം സബ് ഇന്‍സ്‌പെക്ടറെ ശ്രീനിവാസ് അസഭ്യം പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി ന്യായീകരിക്കുന്നു.