ഇന്തോ-പാക് അതിര്‍ത്തിയില്‍ പ്രസവം; കുഞ്ഞിന് ‘ബോര്‍ഡർ’ എന്ന് പേരിട്ട് ദമ്പതികള്‍

ന്യൂഡെൽഹി: ഇന്തോ-പാക് അതിര്‍ത്തി അത്താരിയില്‍ പ്രസവിച്ച കുഞ്ഞിന് ‘ ബോര്‍ഡര്‍’ എന്ന് പേരിട്ട് പാകിസ്താനി ദമ്പതികള്‍. ഡിസംബര്‍ 2നാണ് യുവതിയുടെ പ്രസവം നടന്നത്. മറ്റ് 97 പാകിസ്താന്‍കാര്‍ക്കൊപ്പം കഴിഞ്ഞ 71 ദിവസമായി അത്താരി അതിർത്തിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ദമ്പതികള്‍.

പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലാ സ്വദേശികളാണ് ബോര്‍ഡറിന്‍റെ രക്ഷിതാക്കളായ നിംബു ഭായിയും ബലം റാമും. ഇന്ത്യ പാക് അതിര്‍ത്തിയില്‍ വച്ച് പിറന്നതുകൊണ്ടാണ് കുഞ്ഞിന് ബോര്‍ഡര്‍ എന്ന് പേരിട്ടതെന്നാണ് ദമ്പതികള്‍ പറയുന്നത്.

ഗര്‍ഭിണിയായ നിംബു ഭായിക്ക് പ്രസവ വേദന വന്നതോടെ സമീപ ഗ്രാമത്തിലുണ്ടായിരുന്ന ചില സ്ത്രീകളെത്തിയാണ് ഇവരെ സഹായിച്ചത്. പ്രാഥമിക സൌകര്യങ്ങളാണ് നിംബു ഭായിക്ക് വേണ്ടി ഗ്രാമീണര്‍ ഒരുക്കിയത്. പാക് പൌരന്മാരായ 98 പേര്‍ക്കൊപ്പമാണ് അട്ടാരി അതിര്‍ത്തിയിലെത്തിയതെന്ന് ബലം റാം പറയുന്നു.

തീര്‍ത്ഥാടനത്തിനായും ഇന്ത്യയിലുള്ള ബന്ധുക്കളെ കാണാനും ലക്ഷ്യമിട്ടായിരുന്നു എത്തിയത്. എന്നാല്‍ രേഖകളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതോടെ വീട്ടിലേക്ക് പോകാനാവാതെ അതിര്‍ത്തിയില്‍ കുടുങ്ങുകയായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.

ഇവരുടെ സംഘത്തില്‍ 47 കുട്ടികളാണ് ഉള്ളത് ഇവരില്‍ 6 പേര്‍ ഇന്ത്യയില്‍ വച്ചാണ് പിറന്നത്. ബലം റാമിനൊപ്പമുള്ള മറ്റൊരു ദമ്പതികള്‍ 2020ല്‍ ജോധ്പൂരില്‍ വച്ചുണ്ടായ കുഞ്ഞിന് ഭാരത് എന്നാണ് പേരിട്ടിരിക്കുന്നത്. ഭാരതിന്‍റെ പിതാവായ ലഗ്യ റാം ജോധ്പൂരിലെ സഹോദരനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. അട്ടാരി ചെക്ക് പോസ്റ്റിനടുത്ത് ടെന്‍റ് അടിച്ചാണ് ഇവരുടെ താമസം.