ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് യുവതികളെ കടത്തുന്നത് വർദ്ധിക്കുന്നു

ന്യൂഡെൽഹി : ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് യുവതികളെ കടത്തുന്നത് വർദ്ധിക്കുന്നതായി റിപ്പോർട്ട്. അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിയ യുവതിയെ അതിർത്തിയിൽ വെച്ച് പിടികൂടി. പശ്ചിമ ബംഗാളിലെ കൈജുരി ഔട്ട് പോസ്റ്റിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ധാക്ക സ്വദേശിയായ ശിൽപ ബീഗത്തെയാണ് ബിഎസ്എഫിന്റെ പ്രത്യേക സംഘം പിടികൂടിയത്.

രണ്ട് വർഷം മുൻപ് ഇവരെ ഇന്ത്യയിലെത്തിച്ച് വിൽപ്പന നടത്തിയതായി യുവതി വെളിപ്പെടുത്തി. രണ്ട് വർഷം മുൻപാണ് ശിൽപ ബീഗം കാമുകൻ സൽമാനോടൊപ്പം ഇന്ത്യയിലേക്ക് എത്തിയത്. ഇതിന് പിന്നാലെ യുവതിയെ മനുഷ്യക്കടത്ത് റാക്കറ്റുകൾക്ക് വിൽക്കുകയും അവർ യുവതിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് ബംഗളൂരുവിലെ വേശ്യാലയത്തിൽ രണ്ട് വർഷത്തോളമാണ് യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചത്.

നവംബറിൽ ഇവിടെ നിന്നും രക്ഷപ്പെട്ടോടിയ യുവതിയെ കൊൽക്കത്ത സ്വദേശി സഹായിച്ചു. തുടർന്ന് അതിർത്തി കടക്കുന്നതിനിടെയാണ് ഇവരെ സുരക്ഷാ സേന പിടികൂടിയത്. ബംഗ്ലാദേശിൽ നിന്നും ഇന്ത്യയിലെത്തിച്ച് പെൺകുട്ടികളെ പീഡിപ്പിക്കുന്ന റാക്കറ്റുകൾ വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.