ബെംഗളൂരു: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ പത്ത് പേര്‍ക്കായി ബെംഗളൂരുവിന് പുറത്തേക്ക് അന്വേഷണം. ഇവർ ബെംഗളൂരു വിട്ട് പോയതായി സംശയിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ ഫോണ്‍ ഓഫ് ചെയ്തിരിക്കുകയാണ്. ഇവര്‍ക്കായി അന്വേഷണം ബെംഗളൂരുവിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങള്‍ പൊലീസിന് നല്കി പരിശോധന നടത്തുകയാണ്.
അതേസമയം, ഒമിക്രോണ്‍ സ്ഥരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കിയ സ്വകാര്യ ലാബിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ദക്ഷിണാഫ്രിക്കന്‍ സ്വദേശി താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിന് കാരണം കാണിക്കല്‍ നോട്ടീസും നല്കി. അതേസമയം, ബെംഗളൂരുവിലെ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചത് അന്താരാഷ്ട്ര മെഡിക്കല്‍ കോണ്ഫ്രന്സില് നിന്നാകാം എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ആരോഗ്യവകുപ്പിനെ തന്നെ പ്രതികൂട്ടിലാക്കുന്നതാണ് ബെംഗളൂരു പൊലീസിന്റെ കണ്ടെത്തല്‍. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഹോട്ടലിന് പുറത്ത് പോയി നിരവധി പേരുമായി ബന്ധപ്പെട്ടു. ബംഗ്ലൂരുവില്‍ ശാഖയുള്ള ജൊഹാനാസ്ബര്‍ഗിലെ ഫാര്‍മസി കമ്പനിയിലെ മാനേജറാണ് 66 കാരന്. 4500 രൂപ നല്‍കിയാണ് ബംഗ്ലൂരുവിലെ സ്വകാര്യ ലാബില്‍ നിന്ന് വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്.
പ്രത്യേക ലക്ഷണങ്ങള്‍ ഇല്ലാത്തത് കൊണ്ട് ആരോഗ്യവകുപ്പിനെ തെറ്റിധരിപ്പിച്ച് ദുബായിലേക്ക് പറന്നു. സ്വാകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ഹോട്ടലില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം തേടി. ഗുരുതര വീഴചയാണ് സംഭവിച്ചതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം, 46 കാരനായ ഡോക്ടര്‍ക്ക് കൊറോണ ബാധിച്ചത് ബെംഗളൂരുവില്‍ നടന്ന അന്താരാഷ്ട്ര കോണ്ഫ്രന്സില് നിന്നാകാം എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ദക്ഷിണാഫ്രിക്കന്‍ സ്വദേശികളടക്കം നിരവധി വിദേശികള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന കോണ്ഫ്രന്സില് പങ്കെടുത്തിരുന്നു. ഒമിക്രോണ്‍ ആശങ്ക ഉയരുന്നതിന് മുന്‍പ് നവംബര്‍ 21, 22 തീയതികളിലായിരുന്നു മെഡിക്കല്‍ കോണ്‍ഫ്രന്‍സ്.