മോദിക്ക് വേണ്ടി ചാരപ്പണി; മമതയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ്

ന്യൂ ഡെൽഹി: കോൺഗ്രസിനെ ഒഴിവാക്കിയുളള പ്രതിപക്ഷമെന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്കെതിരെ തിരിച്ചടിച്ച് കോൺഗ്രസ്. കോൺഗ്രസിനെ തകർത്ത് പ്രതിപക്ഷത്തെ ദുർബലമാക്കി മോദിക്ക് ചാരപ്പണിയെടുക്കുകയാണ് മമതയെന്ന് അധിർ രഞ്ജൻ ചൗധരി കുറ്റപ്പെടുത്തി.

”കോൺഗ്രസ് ദേശീയ പാർട്ടിയാണ്. ഓരോ സംസ്ഥാനങ്ങളിലെയും പ്രശ്നങ്ങളെ കോൺഗ്രസ് ആ രീതിയിലാണ് നേരിടാൻ ശ്രമിക്കുന്നത്. എന്നാൽ മമതയുടേത് പ്രതിപക്ഷത്തെ ദുർബലമാക്കാനുള്ള ശ്രമമാണ്”. കോൺഗ്രസിന് 20 % വോട്ടും ടി എം സിക്ക് 4 % വോട്ടുമാണുള്ളതെന്നിരിക്കെ കോൺഗ്രസ് ഇല്ലാതെ മോദിക്കെതിരെ പോരാടാൻ മമതയ്ക്ക് ആകുമോയെന്നും അധിർ രഞ്ജൻ ചൗധരി ചോദിച്ചു.

പശ്ചിമബംഗാളിലെ വൻ വിജയത്തിന്‍റെ ചുവട് പിടിച്ച് പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസിന് ബദലാകാനാണ് മമത ശ്രമിക്കുന്നത്. ഇതിനുള്ള തന്ത്രങ്ങളാണ് മമത മെനയുന്നത്. കോൺഗ്രസിനെതിരായ വിമർശനങ്ങളും ഇതിന്റെ ഭാഗമാണ്. എന്നാൽ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തെ തകർക്കുന്നതാണ് മമത ബാനർജിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളെന്നാണ് കോൺഗ്രസ് നേതാക്കളുടെ വിമർശനം.

മമതയുടെ നീക്കങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കണ്ട കോൺഗ്രസ്, യുപിഎ ഇല്ലാതായെന്ന മമതയുടെ പരാമർശത്തോടെയാണ് തിരിച്ചടിച്ച് തുടങ്ങിയത്. കോണ്‍ഗ്രസിന്‍റെ പോരാട്ടം ബിജെപിക്കെതിരെയാണെന്നും ഒപ്പം ചേരാൻ താല്‍പ്പര്യമില്ലാത്തവര്‍ക്ക് പോകാമെന്നും മുതിര്‍ന്ന നേതാവ് ദിഗ്‍വിജയ് സിങിന്റെ പ്രതികരണവും ഇതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷം ഭിന്നിച്ച് പരസ്പരം പോരാടുന്ന സ്ഥിതിയുണ്ടാകരുതെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെയും പ്രതികരിച്ചു.

പ്രതിപക്ഷം ഐക്യം കാണിക്കേണ്ട സമയമാണിതെന്നും കോണ്‍ഗ്രസ് ഇല്ലാത്ത യുപിഎ ആത്മാവില്ലാത്ത ശരീരം മാത്രമാണന്നുമായിരുന്നു കപില്‍ സിബലിന്‍റെ ട്വിറ്റ്. കോണ്‍ഗ്രസിനൊടൊപ്പം നില്‍ക്കുന്ന പാർട്ടികളെ തങ്ങളോടൊപ്പം ചേര്‍ക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ഏതെങ്കിലും പാര്‍ട്ടി ടിഎംസിക്ക് അനുകൂലമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ദുര്‍ബലമാക്കാനുള്ള ശ്രമത്തിനിടയിലും പാ‍ർലമെന്‍റില്‍ ടിആര്‍എസിനെ പ്രതിപക്ഷ യോഗത്തില്‍ പങ്കെടുപ്പിച്ചതും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയെ സഖ്യകക്ഷിയാക്കിയതും കോണ്‍ഗ്രസിന് നേട്ടമാണ്.