ഡെൽഹി വായുമലിനീകരണം; 24 മണിക്കൂറിനുള്ളിൽ നടപടി വേണം; കേന്ദ്രത്തിന് അന്ത്യശാസനം നൽകി സുപ്രീംകോടതി

ന്യൂഡെൽഹി: ഡെൽഹിയിലെ വായുമലിനീകരണത്തിൽ കേന്ദ്രത്തിന് അന്ത്യശാസനം നൽകി സുപ്രീംകോടതി. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ കേന്ദ്രം നടപടി സ്വീകരിച്ചില്ലെങ്കിൽ സുപ്രീംകോടതി നേരിട്ട് തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. മലിനീകരണം രൂക്ഷമായ സാഹചര്യത്തിലും സ്കൂളുകൾ തുറന്ന ഡെൽഹി സർക്കാരിനെയും കോടതി അതിരൂക്ഷമായി വിമർശിച്ചു.

പല തവണ നിർദേശങ്ങൾ നൽകിയിട്ടും മലിനീകരണം തടയാൻ നടപടികൾ സ്വീകരിക്കാത്തതിനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി ഇന്ന് രൂക്ഷമായി വിമർശിച്ചത്. മലിനീകരണ തോത് കുറയ്ക്കാനായി ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്ന് നിരീക്ഷിച്ച സുപ്രീംകോടതി സർക്കാരുകൾ നൽകിയ ഉറപ്പ് വാക്കിൽ മാത്രം ഒതുങ്ങുന്നതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി. മലിനീകരണം രൂക്ഷമായി തുടരുമ്പോൾ എന്തിനാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത് എന്ന് കോടതി ഡെൽഹി സർക്കാരിനോട് ചോദിച്ചു.

മുതിർന്നവർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തുമ്പോൾ കുട്ടികളെ പുറത്തിറക്കിയത് എന്തിനാണ്, ലോക്ഡൌണിന് തയ്യാറെന്ന് അറിയിച്ചിട്ട് ഇപ്പോൾ തീരുമാനം എന്തായി. ആയിരം സിഎൻജി ബസുകൾ വാങ്ങുമെന്ന് പറഞ്ഞിട്ട് അതെവിടെ തുടങ്ങിയ ചോദ്യങ്ങൾ ഡെൽഹി സർക്കാരിനെതിരെ കോടതി ഉന്നയിച്ചു.

സെൻട്രൽ വിസ്ത നിർമ്മാണം തുടരുന്നതിൽ നേരത്തെ കോടതി കേന്ദ്രത്തിൻറെ പ്രതികരണം തേടിയിരുന്നു. ദേശീയ പ്രാധാന്യമുള്ള നിർമ്മാണമായതിനാലാണ് സെൻട്രൽ വിസ്തയെ നിർമ്മാണ വിലക്കിൽ നിന്ന് ഒഴിവാക്കിയതെന്ന് കേന്ദ്രം അറിയിച്ചു. വായുഗുണനിലവാരമുയർത്താൻ കേന്ദ്രം രൂപീകരിച്ച കമ്മീഷനെയും കോടതി വിമർശിച്ചു.

മുപ്പതംഗ കമ്മീഷൻ കൊണ്ട് ഖജനാവിന് നഷ്ടമുണ്ടായതല്ലാതെ എന്ത് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. ക്രിയാത്മകമായ നടപടി ഉടൻ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇപ്പോൾ. തീരുമാനം അറിയിക്കാൻ സോളിസിറ്റർ ജനറൽ ഒരു ദിവസത്തെ സാവകാശം ആവശ്യപ്പെട്ടു. നാളെ കേസ് കോടതി വീണ്ടും പരിഗണിക്കും.