കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ ഇന്ത്യയുടെ ഓഹരിയും ടാറ്റ ഗ്രൂപ്പിന് ; വിമാനത്താവള ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാനകമ്പനിയായി ടാറ്റ

ന്യൂഡെൽഹി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരിയും ടാറ്റ ഗ്രൂപ്പിന് ലഭിച്ചേക്കും. മൂന്ന് ശതമാനം ഓഹരിയാണ് എയർ ഇന്ത്യക്ക് വിമാനത്താവള കമ്പനിയിൽ ഉള്ളത്. ഓഹരി കൈമാറ്റം പൂർണ്ണമാകുന്നതോടെ വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകുന്ന ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.

കേന്ദ്ര സർക്കാരിന്റെ ഓഹരി വിൽപ്പന കരാർ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവർക്ക് കൈമാറ്റം ചെയ്യപ്പെടും. ടാറ്റക്ക് കൈമാറ്റം ചെയ്യപ്പെടാത്ത എയർ ഇന്ത്യയുടെ ആസ്തികൾ എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്സ് ലിമിറ്റഡിലേക്ക് മാറ്റുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

ഹോട്ടൽ കോർപറേഷൻ ഓഫ് ഇന്ത്യ, എയർ ഇന്ത്യ എഞ്ചിനീയറിങ് സർവീസസ്, എയർലൈൻ അലൈഡ് സർവീസസ്, എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസസ് എന്നീ സ്ഥാപനങ്ങളിലെ എയർ ഇന്ത്യയുടെ ഓഹരി എയർ ഇന്ത്യ അസറ്റ് ഹോൾഡിങ്സ് ലിമിറ്റഡിലേക്ക് മാറ്റാനുള്ള നടപടി സർക്കാർ ആരംഭിച്ചു. എന്നാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരി ടാറ്റ ഗ്രൂപ്പിന് കൈമാറും എന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

45 കോടി രൂപയാണ് എയർ ഇന്ത്യ കൊച്ചി വിമാനത്താവള കമ്പനിയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്ന് യാത്രചെയ്യുന്ന ആകെ യാത്രക്കാരിൽ പതിനഞ്ച് ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് സഞ്ചരിക്കുന്നത്. കൊറോണ കാലത്ത് വിമാനത്താവളം നഷ്ടത്തിൽ ആയിരുന്നെങ്കിലും 2019 -20 വർഷത്തിൽ വിമാനത്താവളത്തിന്റെ ലാഭം 215 കോടി രൂപ ആയിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരത് പെട്രോളിയം, ഹഡ്കോ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആകെ പത്ത് ശതമാനത്തോളം ഓഹരിയാണ് കൊച്ചി വിമാനത്താവളത്തിൽ ഉള്ളത്.

ഇന്ത്യയിൽ വിമാന കമ്പനികൾക്ക് വിമാത്താവളത്തിന്റെ ഓഹരി ഉടമ ആകുന്നതിൽ നിയമപരമായി തടസ്സം ഇല്ല. എന്നാൽ ഇത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി വിമാനത്താവളത്തിന്റെ ഓഹരി ഉടമയാകാൻ പോകുന്നത്. നിലവിൽ മൂന്ന് ശതമാനം ഓഹരി മാത്രമാണ് ടാറ്റ ഗ്രൂപ്പിന് ലഭിക്കുന്നതെങ്കിലും ഭാവിയിൽ കൂടുതൽ ഓഹരികൾ വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ശ്രമിച്ചേക്കും.

കേന്ദ്ര സർക്കാരിന്റെ ഓഹരി വിൽപ്പന കരാർ പ്രകാരം കൊച്ചി വിമാനത്താവള കമ്പനിയിലെ എയർ ഇന്ത്യയുടെ ഓഹരി വിമാനക്കമ്പനി വാങ്ങുന്നവർക്ക് കൈമാറ്റം ചെയ്യപ്പെടും.