മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ത്രിപുരയിൽ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിക്കണം; സുപ്രീംകോടതി

ന്യൂഡെൽഹി: ത്രിപുരയിൽ പുരോഗമിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ രണ്ട് കമ്പനി കേന്ദ്ര സേനയെ അടിയന്തിരമായി വിന്യസിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. 770 പോളിങ് ബൂത്തുകളിലും ആവശ്യത്തിന് കേന്ദ്ര സേനയുടെ സേവനം ഉണ്ടാകണമെന്നും സുപ്രീം കോടതി നിർദേശിച്ചു.

മുൻസിപ്പൽ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ത്രിപുരയിയിൽ രണ്ട് കമ്പനി കേന്ദ്ര സേനയെ കഴിഞ്ഞ ദിവസം വ്യന്യസിച്ചതായി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിന് പുറമെയാണ് രണ്ട് കമ്പനി കേന്ദ്ര സേനയെ കൂടി വ്യന്യസിക്കാൻ സുപ്രീം കോടതി നിർദേശിച്ചത്.

പോളിങ് തടസ്സപ്പെടുത്താൻ ശ്രമം ഉണ്ടായാൽ കേന്ദ്ര സേന അംഗങ്ങളുടെ സേവനം പോളിങ് ഉദ്യോഗസ്ഥർ തേടണമെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിർദേശിച്ചു. പോളിങ് ബൂത്തുകളിൽ സിസിടിവികൾ ഇല്ലാത്തതിനാൽ പത്ര, ദൃശ്യ മാധ്യമങ്ങൾക്ക് തടസ്സമില്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

വ്യാഴാഴ്ച രാവിലെ ആരംഭിച്ച മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർ വ്യാപകമായി വോട്ട് ചെയ്യുന്നുവെന്ന് തൃണമൂൽ കോൺഗ്രസിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗോപാൽ ശങ്കര നാരായണൻ സുപ്രീം കോടതിയിൽ ആരോപിച്ചു. വോട്ടിങ്ങിന് ഇടയിൽ നടക്കുന്ന അക്രമങ്ങൾ തെളിയിക്കുന്നതിന് ആവശ്യമായ വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കാൻ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച രാവിലെയും ത്രിപുരയിൽ വ്യാപകമായി തങ്ങളുടെ പ്രവർത്തകർക്ക് നേരെ അക്രമം ഉണ്ടായതായി സിപിഎമ്മിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പിവി സുരേന്ദ്രനാഥ് കോടതിയെ അറിയിച്ചു. വോട്ടെണ്ണൽ വരെ സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും സുരക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഭിഭാഷകരായ കെ.ആർ. സുബാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവരും സിപിഎമ്മിന് വേണ്ടി ഹാജരായി.