മുകേഷ് അംബാനിയെ പിന്നിലാക്കി ഗൌതം അദാനി ഏഷ്യായിലെ ഏറ്റവും വലിയ ധനികൻ

മുംബൈ: വ്യാവസായി ഗൌതം അദാനി ഏഷ്യായിലെ ഏറ്റവും വലിയ ധനികനായി. റിലയന്‍സ് മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് ഈ നേട്ടം അദാനി കരസ്ഥമാക്കിയത് എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്. അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഉണ്ടായ വന്‍ മുന്നേറ്റമാണ് അദാനി ഗ്രൂപ്പ് മേധാവിക്ക് അംബാനിയെ മറികടക്കാന്‍ സഹായകരമായത്.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുള്ള സമ്പദ്യത്തില്‍ 14.3 ബില്ല്യണ്‍ ഡോളറാണ് കൂടുതലായി അംബാനി ചേര്‍ത്തതെങ്കില്‍. അദാനി ഇതേ കാലയളവില്‍ തന്‍റെ സ്വത്തിലേക്ക് ചേര്‍ത്തത് 55 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്ലൂംബെര്‍ഗിന്‍റെ ധനവാന്മാരുടെ പട്ടിക പ്രകാരം 91 ബില്ല്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി. ഗൌതം അദാനിയുടെത് 88.8 ബില്ല്യണ്‍ ഡോളറാണ്. ഇതില്‍ അംബാനിയുടെ ആസ്തിയില്‍ 2.2 ബില്ല്യണ്‍ ഡോളറിന്‍റെ കുറവ് വന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഓഹരിവിപണിയില്‍ റിലയന്‍സിന് നേരിട്ട തിരിച്ചടിയാണ് ഇതിലേക്ക് നയിച്ചത്.

അതേ സമയം ബുധനാഴ്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ കുതിച്ചുയര്‍ന്നത് ഗൌതം അദാനിക്ക് നേട്ടവുമായി. സൌദി ആരംകോയുടെ റിലയന്‍സുമായുള്ള കരാറില്‍ നിന്നുള്ള പിന്‍മാറ്റമാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ റിലയന്‍സിന് വന്‍ തിരിച്ചടി ഓഹരി വിപണിയില്‍ ഉണ്ടാക്കിയത്. ബോംബെ സ്റ്റോക്ക് എക്സേഞ്ചില്‍ റിലയന്‍സ് ഓഹരികളില്‍ 1.48 ശതമാനത്തിന്‍റെ വീഴ്ച സംഭവിച്ചു. 22,000 കോടിയോളമാണ് ഇത് മൂലം നഷ്ടം സംഭവിച്ചത്. മുകേഷ് അംബാനിക്ക് മാത്രം 11,000 കോടി നഷ്ടം സംഭവിച്ചെന്നാണ് കണക്ക്.

റിലയന്‍സിന്‍റെ വിപണി മൂല്യം ഇപ്പോഴും 14.91 ട്രില്ല്യണ്‍ ആണ്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ കമ്പനി ഇപ്പോഴും റിലയന്‍സ് തന്നെയാണ്. അതേ സമയം അദാനി എന്‍റര്‍പ്രൈസസ് ഓഹരികളില്‍ 2.76 ശതമാനം ഉയര്‍ച്ചയാണ് ബുധനാഴ്ച ഉണ്ടായത്. അദാനി പോര്‍ട്ട് ആന്റ് സെസ് ഓഹരികള്‍ 4.59 ശതമാനം വര്‍ദ്ധിച്ചു. അതേ സമയം അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികള്‍ താഴോട്ട് പോയി.

റിലയന്‍സിന്‍റെ വിപണി മൂല്യം 14.91 ട്രില്ല്യണ്‍ വച്ച് നോക്കുമ്പോള്‍ അദാനി ഗ്രൂപ്പിന്‍റെ വിപണി മൂല്യം 10 ട്രില്ല്യണ്‍ ആണ്. എന്നാല്‍ ഗൌതം അദാനി ഈ ഗ്രൂപ്പ് കന്പനികളിലെ ഏറ്റവും വലിയ പ്രമോട്ടര്‍ അയതിനാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കി സമ്പന്ന പട്ടികയില്‍ മുകേഷ് അംബാനിക്ക് മുന്നിലെത്തി.