തിരുവനന്തപുരം: അതിരൂക്ഷമായി തുടരുന്ന ആന്ധ്രപ്രദേശിലെ വെള്ളപ്പൊക്കത്തിൻ്റെ സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ആന്ധ്ര വഴിയുള്ള ഇന്നത്തെ നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ആലപ്പുഴ-ധൻബാദ് പ്രതിദിന എക്സ്പ്രസ് (13352), കൊച്ചുവേളി-കോബ്ര സൂപ്പർ ഫാസ്റ്റ് (22648), തിരുവനന്തപുരം-ഷാലിമാർ എക്സ്പ്രസ് (22641), കന്യാകുമാരി-ദിബ്രുഗർ വിവേക് എക്സ്പ്രസ് (15905) എന്നിവയാണ് റദ്ദാക്കിയത്.
അതേസമയം ആന്ധ്രാ പ്രളയത്തിൽ മരണം സംഖ്യ 59 ആയി. മഴ കുറഞ്ഞെങ്കിലും താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടു.
റെയ്ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിർദേശം തുടരുകയാണ്. ചിറ്റൂർ നെല്ലൂർ അടക്കം കാർഷിക മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി.
പ്രധാന പാലങ്ങൾ അടക്കം കുത്തൊഴുക്കിൽ തകർന്നതിനാൽ കിഴക്കൻ ജില്ലകളിൽ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആന്ധ്രയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.