ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ പെട്രോളിങ്ങിനിടെ എസ് ഐയെ വെട്ടിക്കൊലപ്പെടുത്തിയവരില്‍ കുട്ടിക്കുറ്റവാളികളും. നാലുപേരാണ് പിടിയിലായത്. ഇവരില്‍ പത്തും പതിനേഴും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്. മറ്റൊരാളുടെ പ്രായം പത്തൊന്‍പതാണ്. ആട് മോഷണം തടയുന്നതിനിടെ ഇന്നലെയാണ് നവൽപേട്ട് സ്റ്റേഷൻ എസ് ഐ ഭൂമിനാഥൻ കൊല്ലപ്പെട്ടത്.
മൂന്ന് ബൈക്കുകളിൽ ആടുകളുമായി എത്തിയ അഞ്ചംഗ സംഘത്തോട് വാഹനം നിർത്താൻ എസ്ഐ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇവർ വാഹനം വേഗത്തിൽ ഓടിച്ചു പോയി. മൂന്ന് കിലോമീറ്ററോളം ഇവരെ പിന്തുടർന്ന് സംഘത്തിലെ രണ്ടുപേരെ പൊലീസ് പിടികൂടി. അൽപ്പസമയത്തിന് ശേഷം ബാക്കിയുള്ളവർ തിരികെ വന്ന് ഭൂമിനാഥനെ ആക്രമിക്കുകയായിരുന്നു. പല്ലത്തുപട്ടി കലമാവൂർ റെയിൽവെ ഗേറ്റിന് സമീപത്തായിരുന്നു ആക്രമണം.
മണിക്കൂറുകൾക്ക് ശേഷം അതുവഴി വന്ന നാട്ടുകാരാണ് ഭൂമിനാഥനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് പിന്നാലെ ഇന്നലെ മുതല്‍ എട്ട് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ സിംഗ്നലുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് സംഘം പിടിയിലായത്.