ആന്ധ്രാപ്രദേശിൽ പെരുമഴയും വെള്ളപ്പൊക്കവും; 29 പേർ മരിച്ചു; നൂറോളം പേരെ കാണാതായി

തിരുപ്പതി: ആന്ധ്രാപ്രദേശിൽ പെരുമഴയിലും വെള്ളപ്പൊക്കത്തിലുമായി 29 പേർ മരിച്ചു. നൂറോളം പേരെ കാണാതായി. ദേശീയ ദുരന്തനിവാരണസേനയുടെയും മറ്റ് ഏജൻസികളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രളയബാധിതമേഖലകളിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി വ്യോമനിരീക്ഷണം നടത്തി. ഔദ്യോഗിക കണക്കുകൾ പ്രകാരം 12 പേരാണ് കഡപ്പയിൽ മരിച്ചത്. ചിറ്റൂരിൽ എട്ടും അനന്തപുരിൽ ഏഴും കുർനൂലിൽ രണ്ടും വീതം പേരും മരിച്ചു.

റായലസീമ മേഖലയിലാണ് പ്രളയം രൂക്ഷം. ചിറ്റൂർ, കഡപ്പ, കുർനൂൽ, അനന്തപുർ ജില്ലകൾ പ്രളയക്കെടുതിയിലാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട രണ്ട്‌ ന്യൂനമർദങ്ങളാണ് പ്രകൃതിക്ഷോഭത്തിന് ഇടയാക്കിയത്.

പ്രധാന തീർഥാടനകേന്ദ്രമായ തിരുപ്പതിയിൽ വെള്ളം കയറി നൂറിലധികം പേർ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലേക്കുള്ള ചുരവും നടപ്പാതയും മഴയെത്തുടർന്ന് അടച്ചു.

അനന്തപുർ ജില്ലയിലെ കാദിരി നഗരത്തിൽ മൂന്നുനിലക്കെട്ടിടം വെള്ളിയാഴ്ച രാത്രി കനത്തമഴയിൽ തകർന്നുവീണ് മൂന്നുകുട്ടികളും വയോധികയും മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നാലുപേർ കുടുങ്ങിക്കിടക്കുന്നതായി പോലീസ് പറഞ്ഞു. ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

തിരുപ്പതിക്കുസമീപമുള്ള സ്വർണമുഖിനദിയും സംഭരണിയും കരകവിഞ്ഞു. ആന്ധ്ര സർക്കാരിന്റെ മൂന്നുബസ്‌ ഉപേക്ഷിക്കേണ്ടിവന്നതായും 12 ബസുകൾ ഒഴുക്കിൽപ്പെട്ടതായും അധികൃതർ അറിയിച്ചു. കഡപ്പവിമാനത്താവളം വ്യാഴാഴ്ചവരെ അടച്ചിടും. മറ്റൊരു നദിയായ ചെയ്യുരുവും നിറഞ്ഞൊഴുകുകയാണ്.