ഝാൻസി: തദ്ദേശീയമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത പ്രതിരോധ സാമഗ്രികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് കൈമാറി. ഉത്തർപ്രദേശിലെ ഝാൻസിയിൽ നടന്ന ചടങ്ങിലാണ് ഇവ സൈന്യത്തിന്റെ ഭാഗമായത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ.) നിർമിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററിന്റെ (എൽ.സി.എച്ച്.) പരിഷ്കൃതരൂപമാണ് വ്യോമസേനയ്ക്ക് കൈമാറിയത്.
പോർമുഖത്ത് സുശക്തമായി പ്രവർത്തിക്കാൻ ശേഷിയുള്ളതാണ് ഈ കോപ്റ്റർ. അതിനു തക്ക നവീന സാങ്കേതികവിദ്യ കോപ്റ്ററിൽ സജ്ജമാക്കിയിട്ടുണ്ട്. ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് പ്രഹരമേൽപ്പിക്കാനും ഭീകര വിരുദ്ധ പ്രവർത്തനങ്ങൾക്കും ടാങ്ക് ആക്രമണങ്ങളെ പ്രതിരോധിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും എൽ.സി.എച്ച്. ഫലപ്രദമായി പ്രയോജനപ്പെടുത്താനാവും.
ആയുധങ്ങളും ഇന്ധനവും വഹിച്ച് 5000 മീറ്റർ ഉയരത്തിൽനിന്ന് ഇറങ്ങാനും അതേ ഉയരത്തിലേക്ക് പറക്കാനും ശേഷിയുള്ള ലോകത്തിലെ ഒരേ ഒരു ഹെലിക്കോപ്റ്ററാണ് ഇത്. രാജ്യത്തെ പ്രമുഖ സ്റ്റാർട്ടപ്പുകൾ സേനയ്ക്കായി രൂപകല്പന ചെയ്ത ആളില്ലാ ലഘുവിമാനങ്ങളും ഡ്രോണുകളും കരസേനയ്ക്കും കൈമാറി. 6-7 കിലോഗ്രാം ഭാരമുള്ള ഡ്രോണുകളാണ് ഇവയിൽ ഉൾപ്പെടും. പടക്കപ്പലുകൾക്കായി തയ്യാറാക്കിയ അഡ്വാൻസ്ഡ് ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ നാവികസേനയുടെയും ഭാഗമായി.
പ്രതിരോധ ഗവേഷണവികസനകേന്ദ്രം രൂപകല്പന ചെയ്ത ഈ സംവിധാനം ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് നിർമിച്ചത്. ഝാൻസിയിൽ തുടങ്ങുന്ന 400 കോടി രൂപയുടെ പ്രതിരോധ വ്യവസായ ഇടനാഴിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ടാങ്ക് വേധ മിസൈലുകളുടെ പ്രൊപ്പൽഷൻ സിസ്റ്റം നിർമിക്കുന്നതിനായി ഭാരത് ഡൈനാമിക്സ് തുടങ്ങുന്ന വ്യവസായശാലയായിരിക്കും ഇവിടെ പ്രധാനം.