ന്യൂഡെൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കർഷകർ സമരത്തിൽ നിന്ന് പിൻവാങ്ങില്ലെന്ന് ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്.
‘ഈ രാജ്യത്ത് രാജവാഴ്ചയല്ല ഉള്ളത്. ടിവിയിലൂടെ പ്രഖ്യാപനം നടത്തിയാൽ കർഷകർ വീട്ടിലേക്ക് മടങ്ങില്ല. സർക്കാരിന് കർഷകരോട് സംസാരിക്കേണ്ടി വരും’ രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തു.
സമരം അടിയന്തരമായി പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വിവാദ നിയമങ്ങൾ പാർലമെന്റ് റദ്ദാക്കുന്നത് വരെ കാത്തിരിക്കാനാണ് കർഷകരുടെ തീരുമാനമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. താങ്ങുവില അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച് സർക്കാർ കർഷകരുമായി ചർച്ച നടത്തണമെന്നും ടിക്കായത്ത് ആവശ്യപ്പെട്ടു.
ഇതിനിടെ കാർഷിക നിയമങ്ങൾ നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബിൽ നിന്നുള്ള 32 കർഷക സംഘടനകൾ നാളെ യോഗം ചേരും. സമരത്തിന്റെ ഭാവിയും താങ്ങുവില സംബന്ധിച്ച ആവശ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.