വീണിടത്ത് കിടന്ന് ഉരുണ്ട് നേട്ടമുണ്ടാക്കാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി

ന്യൂഡെൽഹി: വീണിടത്ത് കിടന്ന് ഉരുണ്ട് നേട്ടമുണ്ടാക്കാൻ പുതിയ തന്ത്രങ്ങളുമായി ബിജെപി നേതൃത്വം. കാർഷിക നിയമം പിൻവലിച്ചത് കേന്ദ്രസർക്കാരിന്റെ വൻ തോൽവിയായി എതിരാളികൾ പറയുമ്പോഴും ആത്യന്തിക വിജയം ബിജെപി അവകാശപ്പെടുന്നു. ഒരു വർഷത്തിലധികമായി പ്രതിഷേധം തുടരുന്നതിനിടെയാണ് ബില്ല് പിൻവലിച്ചിരിക്കുന്നത്.

കർഷകർക്ക് വേണ്ടി കൊണ്ടുവന്ന നിയമം കർഷകർക്ക് വേണ്ടി തന്നെ പിൻവലിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ വാക്കോ ടെ ബിജെപി വിശ്വാസ്യത നേടിയെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. സർക്കാർ കൊണ്ടുവരാൻ ശ്രമിച്ച ഒരു പദ്ധതിയിൽ നിന്ന് ഒരു പിന്മാറ്റം എന്നതിനപ്പുറം ഈ നടപടി വലിയ നേട്ടമാക്കാൻ കഴിയുമെന്ന് ബിജെപി നേതാക്കൾ വിലയിരുത്തുന്നു.

യുപിയിലും പഞ്ചാബിലുമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വെക്കുന്ന ബിജെപിയുടെ അടുത്ത നീക്കം ഇനി അമരീന്ദർ സിംഗിന്റെ പാർട്ടിയുമായുള്ള സഖ്യമായിരിക്കും. നിയമങ്ങൾ പിൻവലിച്ചതിന് പിന്നാലെ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്തുവന്നിട്ടുണ്ട്. കർഷക സമരത്തിന് പരിഹാരമുണ്ടാക്കിയാൽ ബിജെപിയുമായി സഹകരിക്കുമെന്ന് അമരീന്ദർ സിംഗ് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിച്ചിരുന്നു.

ക്യാപ്റ്റന്റെ പഞ്ചാബ് ലോക് കോൺഗ്രസിനെ ഒപ്പം ചേർത്ത് പഞ്ചാബ് പിടിക്കാനുള്ള ശ്രമത്തിന്റെ ആദ്യഘട്ടമാണ് യഥാർത്ഥത്തിൽ ഇപ്പോൾ നടന്നിരിക്കുന്നത്.
നിലവില്‍ ബിജെപിയുമായി സിംഗ് കൂട്ടുകൂടി കര്‍ഷകസമരത്തിന് ഒരു വിധിയെഴുതിയാല്‍ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ തനിക്ക് നല്ലൊരു ഭാവി ഉണ്ടാകുമെന്നാണ് മുന്‍ മുഖ്യമന്ത്രി നേരത്തെ മുതലേ മനസ്സിൽ കണ്ടിരുന്നത്.

ബിജെപിയുമായി ഉണ്ടായേക്കാവുന്ന സഖ്യസാധ്യത അമരീന്ദര്‍ സിംഗ് ഇതുവരെ തള്ളിക്കളഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അമരീന്ദർ ബിജെപിയോടൊപ്പം ചേരുമെന്നതിൽ ഇനി സംശയം വേണ്ട. താൻ പഞ്ചാബ് മുഖ്യമന്ത്രി ആണ് കൂടാതെ ഒരു കര്‍ഷകനുമാണെന്നാണ് അമരീന്ദർ പറഞ്ഞിരുന്നത്. അതിനാല്‍ ഈ വിഷയത്തില്‍ മികച്ച പരിഹാരം തന്നെ കണ്ടെത്താന്‍ എനിക്ക് കഴിയുമെന്ന് താൻ ഉറച്ച് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. കർഷകർക്കൊപ്പം ചേർന്ന് നിൽക്കുന്ന നേതാവെന്ന നിലയിൽ പഞ്ചാബിലെ വിജയം കൂടുതൽ എളുപ്പമാക്കാൻ അമരീന്ദർ ഒപ്പമുണ്ടെങ്കിൽ ബിജെപിക്ക് സാധിക്കും.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ 117 നിയമസഭ സീറ്റുകളിലും തങ്ങളുടെ രാഷ്ട്രീയ സംഘടനയിലെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമെന്ന് അമരീന്ദർ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ‘സമയമായാല്‍ ഞങ്ങള്‍ 117 സീറ്റുകളില്‍ നിന്ന് മത്സരിക്കും. അഡ്ജസ്റ്റ്‌മെന്റ് ചെയ്ത് മത്സരിക്കണോ അതോ സ്വയം പര്യാപ്തരായി അങ്കത്തിനിറങ്ങണോ എന്ന് സമയമാകുമ്പോഴേ പറയാന്‍ പറ്റൂ. കോണ്‍ഗ്രസില്‍ നിന്ന് ഒരുപാട് പ്രവര്‍ത്തകര്‍ ഞങ്ങളിലേക്ക് അടുക്കുന്നുണ്ട്. നല്ല ഒരു സമയത്തിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുകയാണെന്നും സിംഗ് വിശദീകരിച്ചിരുന്നു.

പഞ്ചാബിലെ സംസ്ഥാന യൂണിറ്റ് തലവനായ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിടുന്നതെന്ന് മുമ്പ് അമരീന്ദര്‍ സിംഗ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം സിംഗ് രാജിവെച്ചത്. കാലങ്ങളായി കോണ്‍ഗ്രസിനുള്ളില്‍ തന്നെ നടക്കുന്ന ചേരിപ്പോരിന് അന്ത്യം കുറിക്കാനായി വിളിച്ച് ചേര്‍ത്ത നിയമസഭ കക്ഷിയോഗത്തിന് മുന്നോടിയായിട്ടായിരുന്നു സിംഗിന്റെ രാജി. സിംഗ് രാജിവെച്ച് ഇറങ്ങിയതിന് ശേഷം ചരണ്‍ജിത് സിംഗ് ചന്നിയാണ് പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തത്.

2017ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. കേവല ഭൂരിപക്ഷ വിജയം കരസ്ഥമാക്കിയ കോണ്‍ഗ്രസ് കഴിഞ്ഞ പത്ത് വര്‍ഷമായി സംസ്ഥാനം ഭരിച്ചിരുന്ന എസ്എഡി-ബിജെപി സര്‍ക്കാരിനെ പുറത്താക്കുകയും ചെയ്തു. അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ തന്നെ പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് ചിത്രത്തിലേക്ക് വലിയൊരു പാര്‍ട്ടിയായി ആം ആദ്മിയും കടന്നു വന്നിട്ടുണ്ട്.

117 അംഗ പഞ്ചാബ് നിയമസഭയില്‍ 20 സീറ്റുകള്‍ നേടിയെടുത്താണ് കഴിഞ്ഞ തവണ ആം ആദ്മി വേരോട്ടം ആഴത്തിലാക്കിയത്. അതോടെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായി മാറുകയും ചെയ്തു എ പി. ശിരമോണി അകാലിദളിന് (എസ്എഡി) പാര്‍ട്ടിക്ക് 15 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞപ്പോള്‍ ബിജെപി വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് നേടിയത്. ഇവിടേക്കാണ് പഞ്ചാബ് ലോക് കോൺഗ്രസിനെ ഒപ്പം നിർത്തി ഭരണം പിടിക്കാൻ ബിജെപി ശ്രമിക്കുന്നത്. അമരീന്ദറിന്റെ ജന പിന്തുണയോടെ ബിജെപി പഞ്ചാബിൽ വീണ്ടും അധികാരത്തിലേക്ക് എത്തുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.