ചെന്നൈ: മരിച്ച സ്ത്രീയുടെ പ്രേതം പിന്തുടരുന്നുവെന്ന ഭീതിയിൽ പോലീസുകാരൻ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം. കല്ലാക്കുറിച്ചി ജില്ലയിലെ പെരുമ്പാക്കം സ്വദേശിയായ പ്രഭാകരൻ എന്ന 33കാരനായ പോലീസുകാരനാണ് പ്രേതഭീതിയിൽ ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം പോലീസ് കോർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുറച്ച് നാളുമുൻപേ പോലീസ് ക്വാട്ടേഴ്സിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നുവെന്ന ഭീതിയിലായിരുന്നു പ്രഭാകരൻ. സഹപ്രവർത്തകരോടും ഇയാൾ തന്റെ ഭീതിയെ പറ്റി പറഞ്ഞിരുന്നു. എന്നാൽ ആരും ഇത് വിശ്വസിക്കാൻ തയ്യാറായില്ല.
പ്രഭാകരൻ തുടർന്ന് 15 ദിവസം അവധിയെടുത്ത് വീട്ടിൽ തന്നെയായിരുന്നു. പ്രേതഭീതിയിൽ വീട്ടിലെ പൂജാമുറിയിലാണ് ഇയാൾ രണ്ടാഴ്ച കഴിഞ്ഞത്. അവധിക്ക് ശേഷം ജോലിക്ക് പ്രവേശിക്കുമ്പോഴും പ്രേതം പിന്തുടരുന്നുവെന്ന തോന്നൽ തന്നെയായിരുന്നു ഇദ്ദേഹത്തിന്. ഒടുവിൽ ഈ ഭയം ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.
ഇയാൾക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. ഭാര്യ വിഷ്ണുപ്രിയയും കുട്ടികളും അടുത്ത ബന്ധുവിന്റെ വിവാഹത്തിന് പോയി മടങ്ങിയെത്തിയപ്പോഴാണ് പ്രഭാകരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. അയൽവാസികൾ ഗൂഡല്ലുർ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
പ്രഭാകരന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഗൂഡല്ലൂർ ന്യൂ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സംഭവം സഹപ്രവർത്തകരായ പോലീസുകാരെ തീവ്ര ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.