ഡെൽഹിയിലെ വായു മലിനീകരണം; അടിയന്തര യോഗം ഇന്ന്; ലോക്ഡൗണ്‍ അടക്കം പരി​ഗണനയില്‍

ന്യൂഡെൽഹി: വായു മലിനീകരണം തടയാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം വിളിച്ച അടിയന്തര യോഗം ഇന്ന്. ഡെൽഹി, ഹരിയാന, ഉത്തര്‍പ്രദേശ്​, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. വായു മലിനീകരണം കുറക്കാന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഫലപ്രദമായ മാര്‍ഗങ്ങള്‍ തേടണമെന്ന് സുപ്രീം കോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ യോഗം വിളിച്ചത്. മലിനീകരണം രൂക്ഷമായ സ്‌ഥലങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമോ എന്നതടക്കമുള്ള തീരുമാനം ഇന്ന് ഉണ്ടായേക്കും.

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിടുന്ന കാര്യം പരി​ഗണനയിലെടുക്കണമെന്ന് സംസ്ഥാനങ്ങളോ‍ട് കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഡെൽഹിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് ഇക്കാര്യം നിര്‍ദ്ദേശിച്ചത്.

ദേശീയതലസ്ഥാന മേഖലയിലെ ജില്ലാ ഭരണകൂടങ്ങളും സംസ്ഥാന സര്‍ക്കാരുകളും ​ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ വിവിധ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട് നടപടികളെക്കുറിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള പദ്ധതികളും തയ്യാറാക്കുന്നുണ്ട്. വായുനിലവാര സൂചിക 50 ല്‍ താഴെ വേണ്ടിടത്ത് ദില്ലിയില്‍ ഇപ്പോള്‍ 471 ന് മുകളിലാണ്. യഥാര്‍ത്ഥത്തില്‍ വിഷപ്പുകയാണ് ഡെൽഹിയുടെ അന്തരീക്ഷത്തില്‍.