പെട്രോള്‍-ഡീസല്‍ വിലവര്‍ധന: അധിക സെസും സര്‍ചാര്‍ജും പിന്‍വലിക്കണം: സിപിഎം

ന്യൂഡെല്‍ഹി: പെട്രോള്‍- ഡീസല്‍ എന്നിവയുടെ അധിക സെസും സര്‍ചാര്‍ജും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ സിപിഎം. പെട്രോള്‍ എക്‌സൈസ്‌ തീരുവയില്‍ അഞ്ചു രൂപയും ഡീസല്‍ എക്‌സൈസ്‌ തീരുവയില്‍ 10 രൂപയും കുറച്ചത് ജനങ്ങള്‍ക്ക്‌ ആശ്വാസമേകില്ല.
ഒരു ലിറ്റര്‍ പെട്രോള്‍ വിലയില്‍ 33 രൂപയും ഡീസലില്‍ 32 രൂപയും കേന്ദ്ര എക്‌സൈസ്‌ തീരുവയാണ്‌. ഇപ്പോള്‍ വരുത്തിയ കുറവ്‌ നാമമാത്രമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ യോ​ഗം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ട എക്‌സൈസ്‌ തീരുവയാണ്‌ കുറച്ചത്‌. എന്നാല്‍, സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ്‌ തീരുവയായി (സര്‍ചാര്‍ജ്‌) 74,350 കോടിയും അഡീഷണല്‍ എക്‌സൈസ്‌ തീരുവയായി (സെസ്‌) 1,98,000 കോടിയും കേന്ദ്രം ഈടാക്കുന്നു. ഇതിനു പുറമെ മറ്റ്‌ സെസ്‌- സര്‍ചാര്‍ജ്‌ ഇനത്തില്‍ 15,150 കോടിയും കേന്ദ്രം പിരിക്കുന്നു.

ഇതെല്ലാം ചേരുമ്പോള്‍ 2.87 ലക്ഷം കോടി രൂപയാണ്‌ കേന്ദ്രത്തിന്‌ ലഭിക്കുന്നത്‌. ഈ തുക സംസ്ഥാനങ്ങളുമായി പങ്കുവയ്‌ക്കേണ്ടതില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അമിത വിലയാല്‍ ജനങ്ങള്‍ നട്ടംതിരിയുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക്‌ അര്‍ഥവത്തായ ആശ്വാസമേകാന്‍ അധിക സെസും സര്‍ചാര്‍ജും കേന്ദ്രം അടിയന്തരമായി പിന്‍വലിക്കണം. പിബി യോഗം ആവശ്യപ്പെട്ടു.