അറിയിച്ചാൽ 20 മിനിറ്റിനുള്ളിൽ എത്തും; ഉത്തർപ്രദേശിൽ പശുക്കൾക്കായി 515 പ്രത്യേക ആംബുലൻസ് സർവീസുകൾ ആരംഭിക്കാൻ സർക്കാർ

ലഖ്‌നൗ: പശുക്കൾക്കായി പ്രത്യേക ആംബുലൻസ് സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഉത്തർപ്രദേശ്. ഗുരുതര രോഗങ്ങൾ കാരണം ബുദ്ധിമുട്ടുന്ന പശുക്കൾക്കായാണ് സർക്കാർ പ്രത്യേക ആംബുലൻസ് സർവീസ് ഒരുക്കുന്നത്. 515 ആംബുലൻസുകൾ പദ്ധതിക്കായി സജ്ജമാക്കിയിട്ടുണ്ട്.

പശുക്കൾക്ക് ആംബുലൻസ് സൗകര്യം എർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ സംഭവമായിരിക്കും ഇതെന്നു ഉത്തർപ്രദേശ് ക്ഷീര വികസന, മൃഗ സംരക്ഷണ മന്ത്രി ലക്ഷ്മി നാരായൺ ചൗധരി അവകാശപ്പെട്ടു. ഗുരുതര രോഗങ്ങൾ ബാധിച്ച പശുക്കൾക്ക് വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ പദ്ധതിയിലൂടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആളുകളുടെ പരാതി സ്വീകരിക്കാൻ ലഖ്‌നൗവിൽ പ്രത്യേക കോൾ സെന്റർ ആരംഭിക്കും. സേവനം ആവശ്യപ്പെട്ട് 15-20 മിനിറ്റിനുള്ളിൽ ആംബുലൻസ് പശുക്കളുടെ അടുത്തെത്തും. ഒരു വെറ്ററിനറി ഡോക്ടറും രണ്ട് സഹായികളും ആംബുലൻസിലുണ്ടാകും.

ഡിസംബറോടെ പദ്ധതി ആരംഭിക്കും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ മഥുര ഉൾപ്പെടെ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് പദ്ധതിക്ക് തുടക്കമിടുകയെന്നും മന്ത്രി വ്യക്തമാക്കി.