കോയമ്പത്തൂരിൽ അധ്യാപകൻ ബലാത്സംഗം ചെയ്ത വിദ്യാർഥിനി ജീവനൊടുക്കി

കോയമ്പത്തൂർ: അധ്യാപകൻ ബലാത്സംഗം ചെയ്ത വിദ്യാർഥിനി ജീവനൊടുക്കി. സ്പെഷൽ ക്ലാസിനെന്ന പേരിൽ വിളിച്ചുവരുത്തിയായിരുന്നു ബലാത്സംഗം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയാണ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്. സ്‌കൂളില്‍വെച്ചും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പുറത്തുവെച്ചും പീഡിപ്പിച്ചുവെന്നാണ് ആരോപണം.

ചിന്മയ വിദ്യാലയത്തിലെ മിഥുന്‍ ചക്രവര്‍ത്തിയെന്ന അധ്യാപകന്‍ ആറുമാസമായി പീഡനം തുടരുകയായിരുന്നു. സ്‌കൂള്‍ മാറണമെന്ന് പെണ്‍കുട്ടി പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും കാരണം പറഞ്ഞിരുന്നില്ലെന്ന് അമ്മ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ കുട്ടിയെ മറ്റൊരു സ്‌കൂളിലേക്ക് മാറ്റുകയും ചെയ്തു.

സ്‌കൂളിലെ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ മാതാപിതാക്കളോട് പറയരുതെന്ന് ഉപദേശിച്ചതെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിക്ക് വേണ്ടി സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിംഗ് ഏര്‍പ്പെടുത്തിയിരുന്നു. കൗണ്‍സലിംഗിൽ അധ്യാപകന്‍ പീഡിപ്പിച്ചത് കാര്യമായി എടുക്കരുതെന്നും ബസില്‍വെച്ച് ആരെങ്കിലും ദേഹത്ത് തട്ടുന്നതുപോലെ കരുതിയാല്‍ മതിയെന്നായിരുന്നു അവരുടെ ഉപേദശമെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു.

സ്കൂൾ അധികൃതർ പരാതി ഒതുക്കിത്തീർത്തെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. അധ്യാപകൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. നേരത്തേ ചെന്നൈയിലടക്കം അധ്യാപകർ പെൺകുട്ടികളെ പീഡിപ്പിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതെ തുടർന്ന് സർക്കാർ ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.