അരുണാചലിലെ ചൈനീസ് ഗ്രാമങ്ങള്‍; വിദേശകാര്യ വകുപ്പിന്റെയും സൈനിക മേധാവിയുടെയും നിലപാടുകള്‍ ഘടകവിരുദ്ധം

ന്യൂഡെൽഹി: ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് അതിക്രമിച്ചു കയറി, എൽഎസിയുടെ ഇന്ത്യന്‍ ഭാഗത്ത് ഒരു പുതിയ ഗ്രാമം തന്നെ ഉണ്ടാക്കിയിരിക്കുന്നു എന്നതരത്തിലുള്ള വാര്‍ത്തകളില്‍ കഴമ്പില്ല എന്ന പ്രതികരണവുമായി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്. ചിത്രങ്ങളില്‍ കാണുന്ന ഈ വിവാദാസ്പദ ചൈനീസ് ഗ്രാമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നിയന്ത്രണ രേഖ എന്ന് വിവക്ഷിക്കുന്ന അതിര്‍ത്തി ഇന്നുവരെ ചൈനീസ് സൈന്യം അതിലംഘിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ അമേരിക്കയുടെ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഡിഫന്‍സ് ആണ് ചൈന ടിബറ്റ് ഓട്ടോണോമസ് റീജിയനും അരുണാചല്‍ പ്രാദേശിനുമിടയിലെ ഇന്ത്യന്‍ മണ്ണില്‍ ഒരു ഗ്രാമം തന്നെ സ്ഥാപിച്ചു കഴിഞ്ഞതായി പരാമര്‍ശിക്കുന്നത്. ഇങ്ങനെ ഒരു കയ്യേറ്റമോ ഗ്രാമനിർമാണമോ ഇന്ത്യന്‍ മണ്ണില്‍ നടന്നിട്ടില്ല എന്ന് സൈനിക മേധാവി സ്ഥിരീകരിക്കുമ്പോഴും, വിദേശകാര്യ വകുപ്പ് പുറപ്പെടുവിച്ച പ്രതികരണത്തില്‍ പറയുന്നത് ചൈന നടത്തിയ അധിനിവേശത്തെ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണ്. “അതിര്‍ത്തിക്ക് സമീപമുള്ള പ്രദേശങ്ങളില്‍, പലപ്പോഴും ഇന്ത്യന്‍ മണ്ണില്‍ തന്നെ നിരവധി അനധികൃത കയ്യേറ്റങ്ങളും നിര്‍മാണങ്ങളും നടത്തി വരുന്ന ശീലം ചൈനീസ് പട്ടാളത്തിനുണ്ട്. അത് അവര്‍ പതിറ്റാണ്ടുകളായി തുടരുന്ന ഒന്നാണ്. ” എന്നാണ് വിദേശ കാര്യാ വകുപ്പിന്റെ വക്താവ് അരിന്ദം ബാഗ്‌ച്ചി പറഞ്ഞത്.

എന്നാല്‍ ടൈംസ് നൗ സമ്മിറ്റ് 2021 എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ജനറല്‍ ബിപിന്‍ റാവത് പറഞ്ഞത് അത്തരത്തില്‍ ഒരു അനധികൃത കയ്യേറ്റവും ഇതുവരെ ഉണ്ടായിട്ടില്ല എന്നുതന്നെയാണ്. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ എന്തെന്ന കാര്യത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും, ഇന്ത്യന്‍ സൈന്യത്തിന് നമ്മുടെ എൽഎസി എവിടെയാണ് എന്നത് സംബന്ധിച്ച കൃത്യമായ അറിവുണ്ട് എന്നും, അവിടം കൃത്യമായി നമ്മുടെ സൈന്യത്തിന് സംരക്ഷിക്കാന്‍ നന്നായിട്ടറിയാം എന്നും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പറഞ്ഞു. ലവില്‍ ഇരു പക്ഷവും അതിര്‍ത്തിക്ക് അപ്പുറമിപ്പുറമായി കാവലിനും പട്രോളിംഗിനുമായി നിയോഗിച്ചിട്ടുള്ളത് ഏതാണ്ട് അരലക്ഷത്തോളം സൈനികരെയാണ്.