ബംഗ്ലാദേശ് കാലിക്കടത്തുകാര്‍ ബിഎസ്എഫുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു; ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു

ന്യൂഡെൽഹി : കാലികളെ അനധികൃമായി കടത്തുന്നവരെന്ന് സംശയിക്കുന്ന രണ്ടുപേർ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ കൂച്ച് ബെഹാറിലാണ് ബിഎസ്എഫുമായുള്ള ഏറ്റുമുട്ടലില്‍ ഇവര്‍ കൊല്ലപ്പെട്ടത്. ഇവര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിക്കായിരുന്നു സംഭവം. അതിര്‍ത്തിയിലെ സുരക്ഷാ വേലി മുളവടിയുപയോഗിച്ച് തകര്‍ത്ത് കാലികളുമായി അകത്തുകടക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍.

ബിഎസ്എഫ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും വടിയും കല്ലുമുപയോഗിച്ച് ഇവര്‍ ബിഎസ്എഫിനെ ആക്രമിച്ചു. പ്രത്യാക്രമണത്തില്‍ ഇവര്‍ കൊല്ലപ്പെട്ടെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ആക്രമണത്തില്‍ ബിഎസ്എഫ് ജവാനും ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ചികിത്സയിലാണ്. സ്വയരക്ഷക്കായാണ് വെടിയുതിര്‍ത്തതെന്ന് ബിഎസ്എഫ് അറിയിച്ചു.

രാവിലെ നടത്തിയ തിരച്ചിലിലാണ് രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയത്. കൂച്ച് ബെഹാറിലെ സീതായി എന്ന സ്ഥലത്താണ് സംഭവം. ഏറെക്കാലമായി ഈ പ്രദേശത്ത് ബംഗ്ലാദേശില്‍ നിന്നും തിരിച്ചും കാലികളെ അനധികൃതമായി കടത്തുന്ന സംഘം സജീവമാണ്. നേരത്തെയും കാലിക്കടത്തുകാരുമായി ബിഎസ്എഫ് സംഘര്‍ഷമുണ്ടായിരുന്നു.