വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും കടത്തിയ ദേവീ വിഗ്രഹം കാനഡയില്‍ നിന്നും തിരികെ എത്തിച്ചു

ന്യൂഡെല്‍ഹി: നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നും കടത്തിയ അമൂല്യവസ്തുക്കള്‍ തിരികെ എത്തുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച അന്നപൂര്‍ണ്ണ ദേവിയുടെ കരിങ്കല്‍ വിഗ്രഹം കാനഡയില്‍ നിന്നും ഡെല്‍ഹിയിലെത്തിച്ചു. ഡെല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി വിഗ്രഹത്തിന് മുന്നില്‍ പ്രാര്‍ത്ഥന നടത്തി.

വാരണസിയില്‍ നിന്നും നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഷ്ടിക്കപ്പെട്ട വിഗ്രഹം ഇന്ന് ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കൈമാറും. നവംബര്‍ 12ന് കനൗജിലെത്തുന്ന വിഗ്രഹം 14ന് അയോധ്യയില്‍ എത്തിക്കും. തുടര്‍ന്ന് നവംബര്‍ 15ന് വാരണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കും. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി അദിത്യനാഥ് പ്രതിഷ്ഠാ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം അമൂല്യമായ 42 പുരാവസ്തുക്കള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിച്ചു. ഇന്ത്യയുടെ പൈതൃക സ്വത്തുക്കളായ 157 പുരാവസ്തുക്കള്‍ ഇപ്പോഴും വിദേശ രാജ്യങ്ങളിലുണ്ട്. ഇവയെല്ലാം തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.